ആദ്യം ഹൈക്കോടതിയെ സമീപിക്കൂ; പരംബീർ സിങ്ങിന്റെ ഹർജി സ്വീകരിക്കാതെ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ഹർജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പരംബീർ സിങ് ആദ്യം മുംബൈ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടിയിരുന്നതെന്നു സുപ്രീംകോടതി വിമർശിച്ചു.
സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് ഹർജി പിൻവലിക്കാൻ തയാറാണെന്നു പരംബീർ സിങ് കോടതിയെ അറിയിച്ചു. ഇന്നു തന്നെ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. എന്തുകൊണ്ടാണ് അനിൽ ദേശ്മുഖിനെ ഹർജിയിൽ കക്ഷി ചേർക്കാത്തതെന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനോട് ആരാഞ്ഞു.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് മുംബൈ ബാറുകളിൽനിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാൻ ശ്രമിച്ചെന്ന തന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരംബീർ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ സ്ഥലം മാറ്റിയതിലും നിയമനകാര്യങ്ങളിലും ദേശ്മുഖിന്റെ ഇടപെടലുകളിൽ അന്വേഷണം വേണമെന്നും മന്ത്രിവസതിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും ഹർജിയിലുണ്ട്.
മുകേഷ് അംബാനിയുടെ വീടിനടുത്തു സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോടാണു പണം പിരിക്കാൻ ആവശ്യപ്പെട്ടതെന്നും പരംബീർ പറയുന്നു. സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാർ കൈവശം വച്ചിരുന്ന മൻസുക് ഹിരൺ എന്നയാൾ മരിച്ച കേസിൽ സച്ചിൻ വാസെ തന്നെയാണു മുഖ്യപ്രതിയെന്നു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറിയിച്ചിരുന്നു.
അംബാനിക്കുള്ള വധഭീഷണിക്കത്ത് അച്ചടിച്ച പ്രിന്റർ പൊലീസ് കോൺസ്റ്റബിളിന്റെ ഫ്ലാറ്റിൽനിന്നു പിടിച്ചെടുത്തിരുന്നു. എടിഎസ് അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെയുടെ ഫ്ലാറ്റിൽനിന്നാണിത്.
അതേസമയം പൊലീസ് നിയമനത്തിലും സ്ഥലംമാറ്റത്തിലുമുള്ള അഴിമതിയെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ടു. സമഗ്രാന്വേഷണം തേടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയുടെ ആവശ്യം.
English Summary: Go To High Court First: Supreme Court In Ex-Mumbai Cop Vs State Minister