വാക്സീൻ പേറ്റന്റ് സംരക്ഷിക്കണം; യുഎസ് നിലപാട് തള്ളി ജർമ്മനി: വ്യാപക പ്രതിഷേധം

Mail This Article
വാഷിങ്ടൻ ∙ കൊറോണ വൈറസ് വാക്സീൻ ഉൽപാദനവുമായി ബന്ധപ്പെട്ട ബൗദ്ധികസ്വത്തവകാശ (പേറ്റന്റ്) സംരക്ഷണം താൽക്കാലികമായി എടുത്തുകളയണമെന്ന ആവശ്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഭിന്നത. ലോകമെമ്പാടും വാക്സീൻ ഉൽപാദനം വർധിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്ന ലോകവ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തെ പിന്തുണച്ച യുഎസിനെ തള്ളി ജർമ്മനിയും മരുന്നു കമ്പനികളും രംഗത്തു വന്നു.
ഭൂരിപക്ഷം മരുന്നുകമ്പനികളുടെയും ആസ്ഥാനമായ സ്വിറ്റ്സർലൻഡും യൂറോപ്യൻ യൂണിയനുമാണു പേറ്റന്റ് ഇളവിനെതിരെ ശക്തമായി രംഗത്തുള്ളത്. പുതിയ സാഹചര്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയനും തയാറാണെന്നു പ്രസിഡന്റ് ഉർസുല വോൻ ഡേർ ലയെൻ പറഞ്ഞു. ഇളവിനെ എതിർത്തിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും നിലപാട് മാറ്റി ഇളവിനെ അനുകൂലിക്കുന്നതായി പ്രഖ്യാപിച്ചു.
വാക്സീൻ നിർമാണവുമായി ബന്ധപ്പെട്ട് ലോകത്തിനു മുമ്പിലുള്ള വെല്ലുവിളി ബൗദ്ധികസ്വത്തവകാശ സംരക്ഷണം ഒഴിവാക്കുന്നതല്ലെന്നും ലഭ്യത ഉയർത്തുന്നതും ഗുണമേൻമ ഉറപ്പു വരുത്തുന്നതുമാണ് പ്രധാന ഘടകമെന്നും ജർമ്മൻ വക്താവ് പ്രതികരിച്ചു. എല്ലാ രാജ്യങ്ങൾക്കും വാക്സീൻ ലഭ്യമാകണമെന്നും എന്നാൽ എല്ലാ ഘട്ടത്തിലും ഗുണേൻമ ഉറപ്പു വരുത്തണമെങ്കിൽ ബൗദ്ധികസ്വത്തവകാശ സംരക്ഷണം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ജർമ്മനി പറയുന്നു.
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ–ബയോടെക്നോളജി കമ്പനിയായ മൊഡേണ, ലോകത്തെ വൻകിട ബയോഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ഫൈസർ തുടങ്ങിയ കമ്പനികളുടെ എതിർപ്പ് തള്ളിയാണ് വാക്സീന്റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാനുള്ള നടപടികൾക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി ആഗോള ആരോഗ്യപ്രതിസന്ധിയാണെന്നും അസാധാരണകാലത്ത് അസാധാരണ നടപടി വേണമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
യുഎസ് അനുകൂലിച്ചെങ്കിലും പേറ്റന്റ് ഇളവ് യാഥാർഥ്യമാകാൻ മാസങ്ങളെടുക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് ഡബ്ല്യുടിഒ അംഗങ്ങളാണ്. ഡബ്യൂടിഒ അംഗങ്ങളായ 164 ൽ 100 രാജ്യങ്ങളും പേറന്റ് ഇളവിനെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശ സമിതി ഈ വിഷയം അടുത്ത മാസം ചർച്ചയ്ക്കെടുക്കും. വാക്സീൻ പേറ്റന്റ് മുക്തമാക്കുമെന്നത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വാഗ്ദാനമായിരുന്നു. ഇന്ത്യയിൽ വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യം കൂടി പരിഗണിച്ചാണ് യുഎസ് തീരുമാനം.
ഉൽപന്നത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഭാഗമാണു പേറ്റന്റ്. നൂതനമായ ഒരു കണ്ടുപിടിത്തത്തെ ഒരു പ്രത്യേക കാലയളവിൽ വ്യാവസായികമായും വാണിജ്യപരമായും ഉൽപാദിപ്പിക്കാനും ഉപയോഗിക്കുവാനും നിയമപരമായി നൽകുന്ന അവകാശമാണിത്. ഉൽപന്നത്തിന്റെ നിർമാണം, വിൽപന, ഉപയോഗം തുടങ്ങിയവ പേറ്റന്റ് പരിധിയിൽ വരും. പേറ്റന്റ് കാലാവധി കഴിയുമ്പോൾ ഈ ഉൽപന്നം മറ്റേത് സ്ഥാപനത്തിനും നിർമിക്കാം. ഇന്ത്യയിൽ പേറ്റന്റ് അവകാശം 20 വർഷത്തേക്കാണ്.
English Summary: On Covid Vaccines, Germany Says Patent Protection "Must Remain"