കോവിഡ് ചികിൽസക്കിടെ മരിച്ച യുവതി ബലാത്സംഗത്തിനിരയായിരുന്നെന്നു പരാതി

Mail This Article
പട്ന ∙ കോവിഡ് ചികിൽസയ്ക്കിടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നാൽപത്തിയഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായിരുന്നതായി ബന്ധുക്കളുടെ പരാതി. ഈ മാസം 15നു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിറ്റേന്ന് തീവ്രപരിചരണ വിഭാഗത്തിൽ മൂന്ന് ആശുപത്രി ജീവനക്കാർ പീഡിപ്പിച്ചതായാണ് ബന്ധുക്കൾ പരാതിപ്പെട്ടത്. രോഗി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിനു ശേഷം ഗുരുതരാവസ്ഥയിലായ രോഗി ശരീരത്തിലെ ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് വെന്റിലേറ്ററിലാകുകയും മരണത്തിന് കീഴങ്ങിയെന്നുമാണ് റിപ്പോർട്ട്. വെന്റിലേറ്ററിൽ ആയിരുന്നതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ പൊലീസിനു കഴിഞ്ഞില്ല.
അതേസമയം, ആശുപത്രിയിൽ രോഗിയെ ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ അന്വേഷണം നടത്തിയെന്നും അങ്ങനെയുണ്ടായിട്ടില്ലെന്നു വ്യക്തമായതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. പീഡിപ്പിച്ചതായി പറയുന്ന ജീവനക്കാരുടെ പേരുവിവരം പരാതിയിൽ ഇല്ലായിരുന്നെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തെ കുറിച്ചു യുവതിയുടെ ബന്ധുക്കൾ ദേശീയ വനിതാ കമ്മിഷനു പരാതി നൽകി. ഇതേ തുടർന്നു സംഭവത്തെ കുറിച്ച് അന്വേഷിച്ച് കേസെടുക്കാൻ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ബിഹാർ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകി.
English Summary: Covid patients succumbed to death after gang rape in Bihar