അജ്മീർ ഷാ ബോട്ട് കാണാതായി 20 ദിവസം; തിരച്ചിലിന് ബേപ്പൂരിലെ മത്സ്യത്തൊഴിലാളികള്

Mail This Article
ബേപ്പൂർ∙ ആഴക്കടലിൽ കാണാതായ അജ്മീർ ഷാ ബോട്ടിലെ 16 തൊഴിലാളികൾക്കായി തിരച്ചിലിനു പോകാനുള്ള നീക്കവുമായി ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾ. 20 ദിവസം മുൻപ് കടലിൽ പോയ ബോട്ടിലെ തൊഴിലാളികളെ കുറിച്ചു യാതൊരു വിവരവും കിട്ടാത്ത സാഹചര്യത്തിൽ 3 ബോട്ടുകളിൽ തിരച്ചിലിനു പോകാനാണു ശ്രമം. കഴിഞ്ഞ 6 ദിവസമായി തീരസംരക്ഷണ സേന വ്യാപക തിരച്ചിൽ നടത്തിയിട്ടും ബോട്ടിനെ കുറിച്ചു ഒരു വിവരവും ലഭിച്ചിട്ടില്ല. സേനയുടെ 2 കപ്പലുകൾ ഇന്നും തിരച്ചിൽ നടത്തുന്നുണ്ട്.
ടൗട്ടെ ചുഴലിക്കാറ്റിൽ ബോട്ടിനു യന്ത്രത്തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് മത്സ്യത്തൊഴിലാളികളുടെ സംശയം. നാവിക സേനയുടെ സഹായത്തോടെ ഗോവ, മുംബൈ ആഴക്കടലിൽ കൂടി തിരച്ചിൽ നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 5നു ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ 12 തമിഴ്നാട് സ്വദേശികളും 4 ബംഗാൾ സ്വദേശികളുമാണുള്ളത്.
കന്യാകുമാരി കുളച്ചൽ സ്വദേശികളായ സ്രാങ്ക് മഹേന്ദ്ര തനിസ്ലാസ്(40), ആരോഗ്യ റാബി(38), സഹായ ആന്റണി(48), ആന്റണി തനിസ്ലാസ്(55) അലക്സാണ്ടർ(55), കടിയാപട്ടണം സ്വദേശി മൈക്കിൾ ജാക്സൺ(31), മുട്ടം സ്വദേശികളായ അന്തോണി അടിമൈ(49), രതീഷ് ബെനോജൻ(21), തുക്കളൈ സ്വദേശി സഹായ കെബിലൻ(23), മേൽപുരം സ്വദേശി ഇ.രാജൻ(41), അഗതീശ്വരം സ്വദേശികളായ ജോർജ് തിലകൻ(35), വിജയൻ (35), ബംഗാൾ കൊൽക്കത്ത സ്വദേശികളായ ശാന്തിറാം ദാസ്(33), സുഷാന്ത ദാസ്(29), റജിബ് ദാസ്(37), ശംബു ദാസ് (31) എന്നിവരെയാണ് കാണാതായത്.
തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനം കൊച്ചി മുതൽ ഗോവ വരെയുള്ള പുറംകടലിൽ തിരച്ചിൽ നടത്തിയെങ്കിലും ബോട്ടും തൊഴിലാളികളെയും കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിന്റെ സാവിത്രി ഭായ് ഫുലെ, വിക്രം എന്നീ കപ്പലുകളും തിരച്ചിൽ തുടരുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കടലിലുണ്ടായ ബോട്ടുകൾ കഴിഞ്ഞ 14നു വിവിധ ഹാർബറുകളിൽ അടുപ്പിച്ചിരുന്നു. വിവരം തൊഴിലാളികൾ അവരുടെ ഉടമകളെ അറിയിക്കുകയും ചെയ്തു. അജ്മീർ ഷാ ബോട്ടിനെ കുറിച്ച് അന്നും വിവരുണ്ടായില്ല. 2 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ഇല്ലാതായപ്പോൾ ഉടമ ബേപ്പൂർ സ്വദേശി കെ.ടി. ഷംസുദ്ദീൻ ഫിഷറീസിലും
തീരസംരക്ഷണ സേനയെയും അറിയിച്ചു. തിരച്ചിലിനു ശ്രമം നടത്തുന്നതിനിടെ, ബോട്ട് പുതു മംഗളൂരു തീരക്കടലിൽ നങ്കൂരമിട്ടിരിക്കുന്നുണ്ടെന്നും തൊഴിലാളികൾ സുരക്ഷിതരാണെന്നും സംസ്ഥാന തീരദേശ പൊലീസ് ഐജി പി.വിജയൻ അറിയിച്ചതായി വിവരം വന്നു. ഇക്കാര്യം ഉടമ കോസ്റ്റ് ഗാർഡിൽ അറിയിച്ചു തിരച്ചിലും ഉപേക്ഷിച്ചു. ടൗട്ടെ ദീഷണി നീങ്ങിയ 18നും ബോട്ടിനെ കുറിച്ച് വിവരം കിട്ടാതെ വന്നപ്പോൾ വീണ്ടും ഉടമ തീരസംരക്ഷണ സേനയെ അറിയിച്ചതോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.
ആഴക്കടലിൽ ട്രോളിങ് നടത്തുന്നതിനു പുറമേ ചൂണ്ടപ്പണിക്കും പോകുന്ന ബോട്ടാണ് അമീർ ഷാ. സാധാരണ ഗതിയിൽ മത്സ്യബന്ധനം നടത്തി 15 ദിവസത്തിനകം തിരിച്ചെത്താറുണ്ട്. ഇതുപ്രകാരമാണെങ്കിൽ 20നു ഹാർബറിൽ എത്തേണ്ടതായിരുന്നു.
ചുഴലിക്കാറ്റിനു മുൻപ് ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ബോട്ടുകളും ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നു മറ്റു ഹാർബറുകളിൽ എവിടെയെങ്കിലും കയറിയിരുന്നു എങ്കിൽ വിവരം ഉടമയെയോ നാട്ടിലോ അറിയിക്കുമായിരുന്നു. ഇതുമുണ്ടായിട്ടില്ല. 20 ദിവസം മുൻപ് മീൻപിടിക്കാൻ പോയ ഉറ്റവരെ കുറിച്ചു വിവരം കിട്ടാതായതോടെ നാട്ടിലുള്ള ബന്ധുക്കളും ആശങ്കയിലാണ്.
English Summary: 20 days since missing, boats from Beypore are going to search for Ajmeer Shah Boat