ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉദ്യോഗസ്ഥർ ഹാജരാക്കുമ്പോൾ ഡോക്ടർമാർ വിശദമായ ശാരീരിക പരിശോധന നടത്തണമെന്നു ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. ആന്തരികാവയവങ്ങൾക്കു തകരാറുണ്ടോയെന്നു കണ്ടെത്താനാണിത്. എല്ലാ മെഡിക്കൽ ഓഫിസർമാരും ഈ നിര്‍ദേശം കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. സാമ്പത്തിക തട്ടിപ്പു കേസില്‍ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‌കുമാർ 2019 ജൂൺ 21നാണ് പീരുമേട് സബ്‌ജയിലിൽ മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ  ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്നു.

കസ്റ്റഡിയിലുള്ളവരെ ആശുപത്രിയിലെത്തിക്കുമ്പോൾ കിഡ്നി ടെസ്റ്റിനു പുറമേ, മസിലുകൾക്കു മുറിവോ ചതവോ സംഭവിച്ചോ എന്നറിയാനുള്ള പരിശോധനയും അണുബാധയുണ്ടോ എന്നു മനസിലാക്കാനുള്ള പരിശോധനയും നടത്തണമെന്നാണ് നിര്‍ദേശം.

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്‍റെ ശരീരത്തിന്റെ ഭാരം ക്രൂരമായ പീഡനത്തെത്തുടർന്ന് നീരുവച്ച് 8 കിലോ കൂടിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടായതിനെത്തുടർന്നു രണ്ടാമതു നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് 85 കിലോയായിരുന്നു ശരീരഭാരമെങ്കിൽ ആദ്യ പോസ്റ്റുമോർട്ടം നടക്കുമ്പോൾ 93കിലോയായിരുന്നു ഭാരം. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് 6 ദിവസത്തിനിടയിലാണ് നീരുവച്ച് ശരീരഭാരം 8 കിലോ കൂടിയത്.

മർദ്ദനത്തിൽ ആന്തരികാവയവങ്ങൾ ഞെരിഞ്ഞമർന്നു. കിഡ്നി നീരുവന്ന് വീർത്തു. ഹൃദയത്തിന്റെ പ്രവർത്തനത്തിനു തകരാറുണ്ടായി. രാജ്‌കുമാറിന്റെ ശരീരത്തിൽ പുറമേ കാണാവുന്ന 21 മുറിവുകളുണ്ടായിട്ടും അതൊന്നും ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചില്ല. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോർട്ടിലുള്ളത്.

English Summary : Doctor should examine thoroughly while presenting those in police custody: DHS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com