5 ലക്ഷം ചോദിച്ച് ഭര്‍ത്താവ്, സംഘർഷമുണ്ടാക്കി വീട്ടുകാര്‍; വിഷക്കായയില് ജീവനൊടുക്കി ശാരി

Mail This Article
തിരുവല്ല ∙ മേപ്രാലില്‍ യുവതി ജീവനൊടുക്കാന്‍ കാരണം പണം ആവശ്യപ്പെട്ടു ഭര്‍ത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമാണെന്നു കുടുംബത്തിന്‍റെ ആരോപണം. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു യുവതി വിഷക്കായ കഴിച്ചത്. തിരുവല്ല മേപ്രാല്‍ സ്വദേശി സി.എസ്.ശാരിമോളുടെ ദാമ്പത്യത്തിന്റെ ആയുസ്സ് ഒരു വര്‍ഷവും നാലുമാസവും മാത്രമായിരുന്നു.
ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്സായിരുന്നു 30 വയസ്സുകാരിയായ ശാരിമോള്‍. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോള്‍ ബഹ്റൈനിലേക്ക് ജോലിക്കായി പോയി. 2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതായി പരാതിയുണ്ട്.
വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനെയും പിതാവിനെയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. സംഘര്‍ഷത്തിനു പിന്നാലെയാണു ശാരിമോള്‍ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31ന് മരിച്ചു. ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ കടബാധ്യതകള്‍ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവര്‍ ആരോപിക്കുന്നു. സ്വര്‍ണം പണയം വച്ച് പണം എടുക്കാന്‍ ശാരിമോള്‍ തയാറായിട്ടും ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലത്രെ. കടംവാങ്ങിയാണു വിവാഹം നടത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കി. അന്വേഷണം തുടരുന്നതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.
English Summary: CS Sharimol commit suicide after husband's torture alleges her family