ഓണം ബംപർ: 12 കോടി തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്; ആരാണ് ആ ഭാഗ്യശാലി?
Mail This Article
തിരുവനന്തപുരം ∙ ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിന്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസിൽ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവർ എന്ന ഏജന്റ് തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റാണെന്നാണ് വിവരം. രണ്ടാം സമ്മാനം – TA-945778, TB- 265947, TC- 537460, TD- 642007 എന്നീ ടിക്കറ്റുകൾക്കാണ്.
12 കോടി രൂപയിൽ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്കു ലഭിക്കുക. തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.
ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോൾ ലോട്ടറി വകുപ്പിന് ലഭിച്ചത് 126 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്.
സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനം ആറു പേർക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
English Summary: Onam Bumper Lottery Result