‘ഞങ്ങളോടുള്ള ദേഷ്യം മുംബൈയോട് തീർക്കരുത്’: ഷിൻഡെയോട് ആദിത്യ
Mail This Article
മുംബൈ ∙ മെട്രോ കാർഷെഡ് മുംബൈയിലെ ആരെ കോളനി വനമേഖലയിൽ കൊണ്ടുവരാനുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ നീക്കത്തിനെതിരെ ശിവസേന നേതാവ് ആദിത്യ താക്കറെ. ഞങ്ങളോടുള്ള ദേഷ്യം മുംബൈയ്ക്കുമേൽ തീർക്കരുതെന്ന് ആദിത്യ പറഞ്ഞു. മെട്രോ കാർ ഷെഡ് മുംബൈയിൽത്തന്നെ നിലനിർത്തണം. വനത്തെ ബാധിക്കരുത്. ട്വീറ്റിലൂടെയായിരുന്നു ആദിത്യയുടെ പ്രതികരണം.
‘ലൈൻ 6ന് ഒരു കാർഷെഡ് ആവശ്യമാണ്. അത് 2018ൽ ആലോചിച്ചതുപോലെ കൻജുൻമാർഗിലോ അല്ലെങ്കിൽ പഹാഡി ഗോറെഗാവിലോ ആവണം സ്ഥാപിക്കേണ്ടത്. ഇതേക്കുറിച്ച് പഠിച്ചപ്പോൾ രണ്ടും ലൈൻ 3നും ഉപയോഗപ്രദമാണെന്നു വ്യക്തമായിരുന്നു. മെട്രോകൾ എല്ലാ ട്രിപ്പിനുശേഷവും കാർഷെഡിലേക്കു പോകില്ല. അവർക്ക് സ്ഥിരതയാർന്ന ലൈനുകൾ വേണം. ലൈൻ 3ൽ ഇതില്ല. ഇതു മുംബൈയുടെ വികസനത്തിനു വേണ്ടിയാണ്.’ – ആദിത്യ കൂട്ടിച്ചേര്‍ത്തു.
മുംബൈയുടെ ഹരിത ശ്വാസകോശമെന്നു വിശേഷിപ്പിക്കുന്ന 1800 ഏക്കർ ആരെ കോളനിയെന്ന വനത്തെ നശിപ്പിച്ച് മെട്രോ 3ന്റെ കാർഷെഡ് സ്ഥാപിക്കാൻ ഏക്നാഥ് ഷിൻഡെ സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുത്തിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ കാലത്ത് ഈ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പിന്നീട് അധികാരത്തിലെത്തിയ ഉദ്ധവ് താക്കറെ സർക്കാർ ആരെ കോളനിക്കു പകരം കൻജുംമാർഗിൽ കാർഷെഡ് സ്ഥാപിക്കാൻ നിർദേശിക്കുകയായിരുന്നു.
2014ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാനാണ് മെട്രോ 3ന്റെ കാർഷെഡ് ആരെയിൽ സ്ഥാപിക്കാമെന്ന നിർദേശവുമായി ആദ്യമെത്തിയത്. പിന്നീട് ഫഡ്നാവിസ് വന്നപ്പോൾ ഇക്കാര്യത്തിൽ കുറെ മുന്നോട്ടുപോയി. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും എതിർപ്പിനെത്തുടർന്ന് പദ്ധതി നിശ്ചലാവസ്ഥയിൽ ആകുകയായിരുന്നു.
English Summary: 'Don’t cast hate for us on to our beloved Mumbai': Aaditya Thackeray on Shinde govt's Aarey move