‘30-40 വർഷം ബിജെപി യുഗം, ഇന്ത്യ വിശ്വ ഗുരുവാകും; കേരളത്തിലും ഭരണം പിടിക്കും’

Mail This Article
ഹൈദരാബാദ്∙ അടുത്ത 30-40 വർഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ നിർവാഹക സമിതിയിൽ രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഇന്ത്യ ലോകത്തിന്റെ ഗുരു (വിശ്വ ഗുരു) ആയി മാറും. ഇതുവരെ ഭരണം പിടിക്കാൻ സാധിക്കാത്ത കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ബിജെപി അധികാരത്തിൽ വരുമെന്നും അമിത് ഷാ പറഞ്ഞു.
‘കുടുംബ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയായിരുന്നു മുൻ വർഷങ്ങളിൽ ഇന്ത്യയുടെ ശാപം. ഇത് അവസാനിപ്പിക്കുന്നതിനു വേണ്ടി വികസന രാഷ്ട്രീയത്തിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’– അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചരിത്രപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനകത്ത് ജനാധിപത്യം കൊണ്ടുവരാന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കുടുംബ പാര്‍ട്ടിയായി. നെഹ്റു–ഗാന്ധി കുടുംബത്തിന്‍റെ തോല്‍വി ഭയന്ന് അധ്യക്ഷ തിരഞ്ഞെടുപ്പുപോലും നടത്തുന്നില്ല. തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ അധികാരവാഴ്ച ബിജെപി അവസാനിപ്പിക്കും.– അമിത് ഷാ പറഞ്ഞു.
ദ്രൗപദി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർഥിത്വം എല്ലാ രാഷ്ട്രീയത്തിനു മുകളിൽ നിൽക്കുന്നതാണെന്ന് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാണ് ദ്രൗപദി മുർമു. ആദ്യമായി ഒരു ഗോത്രവിഭാഗം വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത് ഇന്ത്യയ്ക്കു ലഭിക്കുന്ന ബഹുമതിയാണെന്നു മോദി വ്യക്തമാക്കി.
English Summary: Next 30-40 years to be era of BJP, says Amit Shah