2 പേരുകളിലേക്ക് കോൺഗ്രസ് തളച്ചിടപ്പെട്ടോ?; ഗാന്ധിക്കുടുംബത്തിലേക്കു വിരൽച്ചൂണ്ടി ആനന്ദ് ശർമ
Mail This Article
ന്യൂഡൽഹി∙ ഗാന്ധി കുടുംബത്തിനപ്പുറമായി കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് ആനന്ദ് ശർമ. വീണ്ടും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുൽ സൂചന നൽകിയതിനു പിന്നാലെ കോൺഗ്രസിന്റെ അധ്യക്ഷപദത്തെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ശർമയുടെ പ്രസ്താവന. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഗുലാം നബി ആസാദിനു പിന്നാലെ ഹിമാചൽ പ്രദേശിലെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയി അധ്യക്ഷ പദവിയിൽനിന്നു ശർമ രാജിവച്ചിരുന്നു.
‘‘രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്‌ര എന്നീ രണ്ടുപേരുകളിലേക്കുമാത്രമായി കോൺഗ്രസ് തളച്ചിടപ്പെട്ടോ? കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തെ നമ്മൾ പരിഹസിക്കരുത്’’ – അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസില്‍ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു രണ്ടു വർഷം മുൻപ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് ആനന്ദ് ശർമ. ‘‘കത്ത് അവിടെ ഉള്ളിടത്തോളം കാലം ഞങ്ങൾ നിലനിൽക്കും. ഞങ്ങൾ വിമതരല്ല, പരിഷ്കർത്താക്കളാണ്. പാർട്ടിയുടെ ഭരണഘടന പിന്തുടരണം എന്നു പറയുന്നത് ഒരു കുറ്റമാണോ’’ – ആനന്ദ് ശർമ ചോദിച്ചു.
ആത്മാഭിമാനം പണയപ്പെടുത്താനാകില്ലെന്നു സോണിയ ഗാന്ധിക്കെഴുതിയ കത്തിൽ പറഞ്ഞതായാണു വിവരം. തുടർച്ചയായി അവഗണനയും അപമാനവും നേരിടുമ്പോൾ ആത്മാഭിമാനമുള്ളയാളെന്ന നിലയ്ക്കു മറ്റൊരു വഴിയുമില്ലെന്നു സമൂഹമാധ്യമത്തിലുമെഴുതി.
English Summary: "Is Congress Confined To 2 Names?": Party's Anand Sharma On Gandhis