ഇഡിക്ക് സർവാധികാരം: പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം
Mail This Article
ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഭേദഗതികൾക്ക് അംഗീകാരം നൽകി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേൾക്കും. തുറന്ന കോടതിയിലാണു വാദം കേൾക്കുക. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം.
ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത കഴിഞ്ഞ മാസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അറസ്റ്റ്, വസ്തുവകകളുടെ കണ്ടുകെട്ടൽ, റെയ്ഡ്, തെളിവു പിടിച്ചെടുക്കൽ തുടങ്ങിയ അധികാരങ്ങൾ ഇഡിക്കു പ്രയോഗിക്കാമെന്നാണു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്.
കോൺഗ്രസ് എംപി കാർത്തി ചിദംബരം, കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരുടേതുൾപ്പെടെ 241 ഹർജികളാണു ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. പിഎംഎൽഎ പ്രകാരമുള്ള വകുപ്പുകളും ഇഡിയുടെ നടപടിക്രമങ്ങളും ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ അധികാരങ്ങളെല്ലാം, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിൽ, ഇഡി ദുർവിനിയോഗം ചെയ്യുകയാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
English Summary: Money Laundering Act Verdict To Be Reviewed By Supreme Court Tomorrow