വിഴിഞ്ഞം സമരം: തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം; ഗതാഗതം സ്തംഭിച്ചു
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നു. വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവർ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെയാണ് ഉപരോധം.
ചാക്കയിൽ റോഡ് ഉപരോധിച്ചതോടെ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാർ കുടുങ്ങി. പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി നിർദേശിക്കാത്തതിനാൽ ഇതര ജില്ലയിലുള്ളവർ ബുദ്ധിമുട്ടി. പലർക്കും യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. വിഎസ്എസ്‍സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
വിഴിഞ്ഞം ജംക്‌ഷൻ, മുല്ലൂർ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് കലക്ടർ ഉത്തരവിട്ടെങ്കിലും രാവിലെ തന്നെ ഇവിടങ്ങളിൽ ഉപരോധം ആരംഭിച്ചു. അതിരൂപതയുടെ സമരവും ഇതിനെതിരായി ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും കണക്കിലെടുത്താണ് കലക്ടർ നിരോധനം ഏർപ്പെടുത്തിയത്.
19ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്. സർക്കാരും സമരക്കാരുമായി സമവായ ചർച്ച ഉടനെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണും.
English Summary: Vizhinjam Protest: Road Blockade at Thiruvananthapuram