മന്ത്രി രാജീവുമായി ചർച്ച: ക്വാറി ഉടമകൾ നടത്തിവന്ന 10 ദിവസം നീണ്ട സമരം പിൻവലിച്ചു
![ernakulam-rock-quarry പരിസ്ഥിതി ലോല മേഖലയായ മണ്ണത്തൂർ കാരക്കാട്ട് മലയിൽ അനുമതി ഇല്ലാതെ പാറ പൊട്ടിച്ചു ലോറിയിൽ കയറ്റുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2022/10/31/ernakulam-rock-quarry.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ പത്തു ദിവസമായി സംസ്ഥാനത്തെ ക്വാറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മന്ത്രി പി.രാജീവുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചയിലാണു തീരുമാനം. റോയൽറ്റി നിരക്കുകളിൽ വരുത്തിയ വർധനയിൽ മാറ്റമുണ്ടാവില്ല. റോയൽറ്റി വർധനയ്ക്ക് ആനുപാതികമായ നിരക്കിനപ്പുറം ഉൽപന്ന വില ഉയർത്താനും അനുവദിക്കില്ല. എന്നാൽ ഏപ്രിൽ 1ന് മുൻപുള്ള നിയമലംഘനങ്ങളിൽ ചുമത്തിയ പിഴ അദാലത്ത് നടത്തി തീർപ്പു കൽപിക്കും.
സോഫ്റ്റ്‌വെയർ പരിഷ്കരണം പൂർത്തിയാകുന്നതുവരെ ഓഫിസുകളിൽനിന്നു നേരിട്ട് പാസ് നൽകും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റവന്യു മന്ത്രിയുമായി പിന്നീട് ചർച്ച ചെയ്യും. ക്വാറി ഉടമകൾ ഉന്നയിച്ച മറ്റു പ്രായോഗിക പ്രശ്നങ്ങൾ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ക്വാറി ഉൽപന്നങ്ങളുടെ വില നിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി വില നിർണയിക്കുന്നതിനും വില നിർണയ അതോറിറ്റി രൂപീകരിക്കും. മൈനിങ് ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലു മുതലും മറ്റു ജില്ലകളിൽ 17 മുതലുമാണു ക്വാറിയടച്ചിട്ടു സമരം തുടങ്ങിയത്.
English Summary: Quarry Strike withdrawn