ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിൽ ഒന്നായ തിഹാർ ജയിലിൽ കുപ്രസിദ്ധ ഗുണ്ടാത്തലവനായ തില്ലു താജ്പുരിയയെ ഗ്യാങ്ങില്‍പെട്ടവര്‍ കൊന്നത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ടുകള്‍. തില്ലുവിന്റെ ശരീരത്തില്‍ നൂറിലേറെ തവണ കുത്തേറ്റിരുന്നു. രണ്ടു പേര്‍ ചേര്‍ന്നാണ് തില്ലുവിനെ അടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി കുത്തിക്കൊന്നത്. ഇതിനു കഷ്ടിച്ച് മൂന്നാഴ്ച മുൻപാണ് പ്രിൻസ് തെവാതിയയെന്ന ഗുണ്ടാത്തലവനെ കുത്തിക്കൊന്നത്. അന്ന് 15–20 മിനിറ്റ് നീണ്ട ആക്രമണത്തിൽ ജയിൽ ജീവനക്കാർ ഇടപെട്ടുപോലുമില്ല.

2021 സെപ്റ്റംബറിൽ ഡൽഹി രോഹിണി കോടതി വെടിവയ്പ്പിന്റെ മുഖ്യ സൂത്രധാരനുമാണ് കൊല്ലപ്പെട്ട തില്ലു താജ്പുരിയ. മുൻ കൂട്ടാളിയും പിന്നീട് എതിരാളിയുമായി മാറിയ ജിതേന്ദർ ജോഗിയെയാണ് താജ്പുരിയയുടെ സംഘം കോടതിയിൽ വെടിവച്ചു കൊന്നത്. ജയിലഴികൾക്കുള്ളിൽവച്ചായിരുന്നു വെടിവയ്പ്പ് താജ്പുരിയ ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സെല്ലിൽക്കഴിയവെ കോടതിയില്‍ നടക്കുന്ന സംഘർഷത്തിന്റെ തൽസമയ വിവരം മൊബൈൽ ഫോണിലൂടെ താജ്പുരിയ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷകർ പറയുന്നത്.

∙ താജ്പുരിയയ്ക്ക് കുത്തേറ്റത് 100 തവണ

ജിതേന്ദർ ജോഗി സംഘം 100 തവണയിലധികം തില്ലു താജ്പുരിയയെ കുത്തിയെന്നാണ് റിപ്പോർട്ട്. ജയിലധികൃതർ എത്തി ബെഡ്ഷീറ്റ് കൊണ്ട് മൃതദേഹം പുതപ്പിച്ചിട്ടും പിന്നീടു വീണ്ടും വീണ്ടും കുത്തുകയായിരുന്നു. മൻഡോളി ജയിലിൽനിന്ന് രണ്ടാഴ്ച മുൻപു മാത്രമാണ് താജ്പുരിയയെ തിഹാറിലേക്ക് കൊണ്ടുവന്നത്. ആക്രമണം നടത്തിയ യോഗേഷ് തുൻഡ, ദീപത് ടീറ്റർ, റിയാസ് ഖാൻ, രാജേഷ് ബാവനിയ എന്നിവരെ ഒന്നാം നിലയിലെ സെല്ലുകളിലായിരുന്നു അടച്ചത്. ഇവർ സെക്യൂരിറ്റി ഗ്രില്ലുകൾ അറുത്തുമാറ്റി, സിനിമാരംഗങ്ങൾക്കു സമാനമായി സ്വന്തം ബെഡ് ഷീറ്റുകൾ ഉപയോഗിച്ച് ഒന്നാം നിലയിൽനിന്ന് താഴത്തെ നിലയിലേക്ക് ഇറങ്ങുകയായിരുന്നു.

Read also: 30 മിനിറ്റിൽ മോഷ്ടിച്ച 7 വിഗ്രഹങ്ങൾ 36 മണിക്കൂറിൽ കണ്ടെടുത്തു; ത്രസിപ്പിക്കും കഥ പറഞ്ഞ് മുൻ ഡിജിപി ജേക്കബ് പുന്നൂസ്

സംഘത്തിന്റെ ആക്രമണം താജ്പുരിയയ‌്ക്ക് അപ്രതീക്ഷിതമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണം തുടങ്ങുന്നതിനു മുൻപ് ജയിൽ ജീവനക്കാർ എത്തിയെങ്കിലും ഇടപെട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിനു പിന്നാലെ താജ്പുരിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. താജ്പുരിയയെ തിഹാറിൽ എത്തിച്ചതിനു പിന്നാലെ തന്നെ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മെക്സിക്കോയിൽനിന്ന് ഡൽഹിയിലേക്ക് എത്തിച്ച ദീപക് ബോക്സറെ കൊല്ലാനാണ് താജ്പുരിയ എത്തിയതെന്നാണ് അക്രമികൾ വിശ്വസിച്ചിരുന്നത്. ബോക്സർ പൊലീസ് കസ്റ്റഡിയിൽനിന്ന് അടുത്തയാഴ്ച തിഹാറിലേക്ക് എത്താനിരിക്കുകയായിരുന്നു.

തില്ലു താജ്പുരിയ (Photo - Twitter)
തില്ലു താജ്പുരിയ (Photo - Twitter)

ഗ്രില്ലുകൾ കുറച്ചു ദിവസങ്ങൾക്കുമുൻപുതന്നെ അറുത്തു മാറ്റിയിരുന്നുവെന്നും ഇത് ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇങ്ങനെ അറുത്തുമാറ്റിയ ഇരുമ്പ് കഷണങ്ങൾ കഴിഞ്ഞയാഴ്ച തന്നെ മൂർച്ച കൂട്ടി വച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ മയങ്ങുന്ന സമയം നോക്കി അർധരാത്രിക്കുശേഷം പുലർച്ചെയോടെ ആക്രമണം നടത്താനായി സംഘം ഉറങ്ങാതെ ഇരുന്നു. തിരിച്ചടിക്കാനൊരുങ്ങിയ താജ്പുരിയയെ നാലുപേർ ചേർന്ന് കുത്തുകയായിരുന്നു. താജ്പുരിയയ്ക്കൊപ്പം സെല്ലിൽ മനോജ് മൊർഖേരി ഗ്യാങ്ങിലെ രോഹിത് റോഹ്താഷ് ഉണ്ടായിരുന്നു. ആക്രമണം ചെറുക്കാൻ ഇയാൾ എത്തിയെങ്കിലും തുൻഡയുടെ കുത്തേറ്റ് ഇയാൾ നിലത്തുവീണു. മറ്റു ചില ഗുണ്ടാനേതാക്കന്മാരും കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു. അക്രമികൾ അവരെയും ഭീഷണിപ്പെടുത്തിയെന്നാണു വിവരം.

∙ ആദ്യ കുത്ത് കണ്ണിന്, പിന്നെ ദേഹമാസകലം

ബഹളംകേട്ട് ഒരു ഉദ്യോഗസ്ഥൻ വന്നു നോക്കിയെങ്കിലും ഇയാളെയും ഭീഷണിപ്പെടുത്തി. പിന്നാലെ താജ്പുരിയയും രോഹിത്തും ഓടി ചെറിയൊരു സെല്ലിൽകയറി വാതിൽ അടച്ചു പക്ഷേ, നിമിഷങ്ങൾക്കൊണ്ട് ഇരുവരെയും കുത്തി ഗേറ്റ് തുറന്ന് അക്രമികൾ താജ്പുരിയയെ പുറത്തേക്ക് എത്തിച്ചു. ശരീരമാസകലം കുത്തി. കണ്ണിലും മുഖത്തും കുത്തേറ്റ നിരവധി പാടുകളുണ്ട്. അടുത്ത 10 മിനിറ്റിനുള്ളിൽ തമിഴ്നാട് സ്പെഷൽ പൊലീസ് സ്ഥലത്തെത്തി വെള്ളത്തുണി കൊണ്ട് മൃതദേഹം പൊതിഞ്ഞു. എങ്കിലും താജ്പുരിയയ്ക്ക് ജീവനുണ്ടാകുമെന്നു കരുതി ബെഡ്ഷീറ്റ് മാറ്റി ഇവർ വീണ്ടും വീണ്ടും കുത്തുകയായിരുന്നു. പിന്നീട് അക്രമികൾ ക്ഷീണിച്ച് നിലത്തിരുന്ന് ‘അവനെ എടുത്തോണ്ടു പോകൂ’യെന്ന് അലറി. ഉടനെത്തന്നെ സുരക്ഷാ ജീവനക്കാരെത്തി മൃതദേഹം അവിടുന്ന് എടുത്തുമാറ്റി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ജയിലിൽ സ്ഥാപിച്ചിരുന്ന ഹൈ ഡെൻസിറ്റി ക്യാമറ വഴിയാണ് പുറത്തെത്തിയത്.

Read also: പൊതിച്ചോര്‍ മാതൃകയാക്കണം'; ഡിവൈഎഫ്ഐയെ പുകഴ്ത്തി ചെന്നിത്തല, നന്ദി പറഞ്ഞ് റഹിം

∙ 10,000 പേർക്കുള്ളിടത്ത് കഴിയുന്നത് 20,000 പേർ

ഡൽഹിയിലെ 25 കൊടുംക്രിമിനലുകളാണ് മൂന്നു ജയിലുകളിലായി തിഹാർ ജയിൽ സമുച്ചയത്തിൽ കഴിയുന്നത്. 10,000 തടവുകാരെ ഉൾക്കൊള്ളാവുന്ന ഈ സമുച്ചയത്തിൽ നിലവിൽ 20,000 പേരുണ്ട്. വിവിധ ക്രിമിനൽ ഗ്യാങ്ങിൽപ്പെട്ട നിരവധിപ്പേരാണ് സുരക്ഷാവിടവിന്റെ നേട്ടമെടുക്കുന്നത്. ഈ പഴുത് ലാക്കാക്കിയാണ് ജോഗി ഗ്യാങ് താജ്‌പുരിയയെ ഇല്ലാതാക്കിയ ആക്രമണത്തിന് ഒരുമ്പെട്ടത്.

ഡൽഹിയുടെ കുറ്റകൃത്യലോകത്തെ ഭരിക്കുന്ന ഗുണ്ടാത്തലവൻമാരായ നീരജ് ബാവന, മൻജീത് മഹൽ, കലാ ജാത്തേരി, നീതു ഡബോഡിയ മുതൽ ഇർഫാൻ ഛെനു, ഹാഷിം ബാബ തുടങ്ങി വലിയ ഗ്യാങ്ങുകളുടെ തലവൻമാർക്കെല്ലാം സ്വന്തം വീടുപോലെയാണ് ഇപ്പോൾ തിഹാർ ജയിൽ. ഇവർക്കൊപ്പം വലിയൊരു അനുയായിവൃന്ദവും ജയിലിലുണ്ട്. ഇതോടെ, അഴികൾക്കുള്ളിൽ ശത്രുക്കളെ നോട്ടമിട്ട് ആക്രമണം നടത്തി ഇല്ലാതാക്കാൻ ഇവർക്ക് നിമിഷങ്ങൾ മാത്രം മതി.

താജ്പുരിയയുടെ സംഘാംഗങ്ങൾ തിരിച്ചടി നൽകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ജോഗിയുടെ സംഘത്തെ തക്കം കിട്ടുമ്പോൾ അവർ ഇല്ലാതാക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. താജ്പുരിയയുടെ കൊലപാതകം ജോഗിയെ കൊലപ്പെടുത്തിയതിനു പ്രതികാരം തീർത്തതാണെന്നാണ് കരുതുന്നത്. നിലവിൽ ഈ ഗ്യാങ്ങിനെ നയിക്കുന്നത് ദീപക് ബോക്സർ ആണ്. ഒരുകാലത്ത് താജ്പുരിയയും ജോഗിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ 2012ൽ താജ്പുരിയയുടെ കൂട്ടാളിയായ വികാസിനെ ജോഗിയുടെ ആളുകൾ കൊലപ്പെടുത്തിയതോടെയാണ് ഇരുവരും ശത്രുക്കളായി മാറിയത്.

∙ മൂന്ന് ജയിൽ സമുച്ചയം; 160 ഗ്യാങ്ങുകൾ

തിഹാർ ജയിലിനെക്കൂടാതെ മൻഡോളി, രോഹിണി തുടങ്ങിയ ജയിൽ സമുച്ചയങ്ങളും ഡൽഹിയിലുണ്ട്. ഇവിടങ്ങളിലെല്ലാമായി 160 ക്രിമിനൽ ഗ്യാങ്ങിൽപ്പെട്ടവർ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചെറുകുറ്റങ്ങൾക്കായി ജയിലിൽ അടയ്ക്കപ്പെടുന്നവർ വലിയ ഗുണ്ടാസംഘങ്ങളുമായി പരിചയത്തിലാവുകയും പിന്നാലെ അവരുടെ സംഘത്തിൽ ചേക്കേറുകയും ഇവിടെ പതിവാണ്. ജയിലുകളിലെ പരസ്പര ആക്രമണം ഒഴിവാക്കാനായി ഗുണ്ടാത്തലവൻമാരെ അതിസുരക്ഷാ സെല്ലുകളിൽ പാർപ്പിക്കുമെങ്കിലും അവരുടെ സംഘത്തിലേക്കു ചേർക്കപ്പെടുന്ന പുതിയ ആളുകളിലൂടെയാണ് കൃത്യം നടപ്പാക്കുന്നത് എന്നത് ജയിൽ അധികൃതർക്കും വെല്ലുവിളിയാണ്.

English Summary: Delhi: Gangster Tillu Tajpuria stabbed over 100 times in brazen Tihar murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com