വ്യാജരേഖ: ബിഹാറിലും ജാർഖണ്ഡിലും 2.25 ലക്ഷം മൊബൈൽ നമ്പറുകൾ വിഛേദിച്ചു
Mail This Article
പട്ന∙ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ 2.25 ലക്ഷം മൊബൈൽ നമ്പറുകൾ ടെലികോം വകുപ്പ് വിഛേദിച്ചു. വ്യാജ രേഖ സമർപ്പിച്ചു സിം കാർഡുകൾ നേടിയവരുടെ നമ്പരുകളാണ് വിഛേദിച്ചത്. ചട്ടങ്ങൾ ലംഘിച്ചു സിം കാർഡ് വിതരണം നടത്തിയ 517 കടകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. വ്യാജ രേഖ ഉപയോഗിച്ചു സിം കാർഡ് നേടിയവർക്കും വിതരണം ചെയ്ത കടകൾക്കുമെതിരെ ടെലികോം കമ്പനികൾ നിയമ നടപടികളും ആരംഭിച്ചു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ടെലികോം വകുപ്പ് ബിഹാർ, ജാർഖണ്ഡ് പൊലീസിനു കൈമാറിയിട്ടുമുണ്ട്.
ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലായുള്ള ഏകദേശം ഏഴു കോടി മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തിയാണ് വ്യാജരേഖ സമർപ്പിച്ചവരെ കണ്ടെത്തിയത്.
രാജ്യത്തു മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കാനായുള്ള പദ്ധതി ടെലികോം വകുപ്പ് നടപ്പാക്കുന്നത്.
ടെലികോം വകുപ്പും സെന്റർ ഫോർ ഡവലപ്മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങും ചേർന്നാണ് സിം കാർഡ് ഉപഭോക്തൃ വിവരങ്ങൾ വിശകലനം ചെയ്തത്.
English Summary : Forgery; 2.25 lakh mobile numbers have been disconnected by the telecom department