‘മോഖ’: ബംഗ്ലദേശിലും മ്യാന്മറിലും കനത്തമഴ; കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല

Mail This Article
ധാക്ക ∙ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് ‘മോഖ’ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗമുള്ള മോഖ ബംഗ്ലദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്തനാശം വിതയ്ക്കുമെന്നാണു വിലയിരുത്തല്‍. തീരത്തുടനീളം കനത്ത മഴ തുടങ്ങി. ബംഗ്ലദേശിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പുണ്ട്.

മ്യാന്‍മറും ബംഗ്ലദേശും പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ബംഗ്ലദേശില്‍ മാത്രം 5 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍. നാലായിരത്തിലേറെ സുരക്ഷാ ക്യാംപുകളും സജ്ജീകരിച്ചു. രോഹിൻഗ്യൻ അഭയാര്‍ഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാര്‍ ജില്ലയില്‍ ഉള്‍പ്പെടെ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം പ്രദേശത്തെത്തി.

ഇന്ത്യയില്‍ ബംഗാളിന്‍റെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ദുരന്തനിവാരണ സേനയെയും രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കി. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലും മഴ ശക്തമാകും.

കേരളത്തിൽ ചില സ്ഥലങ്ങളിൽ മേയ് 15 മുതൽ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 17ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.


മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം


കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 15ന് ലക്ഷദ്വീപ് തീരം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബംഗാൾ ഉൾക്കടലിൽ ‘മോഖ’ അതിതീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി പോകരുത്. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.


English Summary: Cyclone Mocha: Intense storm hits Bangladesh and Myanmar coast