സിദ്ധരാമയ്യ നിയമസഭാകക്ഷി നേതാവ്; പേര് നിർദേശിച്ചത് ഡികെ: ഉടൻ ഗവർണറെ കാണും
Mail This Article
ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആണ് സിദ്ധരാമയ്യയുടെ പേര് നിർദേശിച്ചത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഉടൻ ഗവർണറെ കാണും.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിൽ നിന്ന് നാലു മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽനിന്ന് മൂന്നു മന്ത്രിമാരും ഉണ്ടാകും. ദലിത് വിഭാഗത്തിൽനിന്ന് അഞ്ചുപേർക്കും സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിനായി കോൺഗ്രസ് പ്രതിനിധിയായി എംഎൽഎ ജി.പരമേശ്വര രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ ഗവർണറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഫോണിലൂടെ ഗവർണർക്ക് പിറന്നാൾ ആശംസകൾ നേർന്ന സിദ്ധരാമയ്യ സത്യപ്രതിജ്ഞയുടെ കാര്യങ്ങളും സംസാരിച്ചു.
കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചിരുന്നു.
English Summary: Siddaramaiah To Stake Claim Today To Form Government In Karnataka