ADVERTISEMENT

തിരുവനന്തപുരം∙ മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃ‍ത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണു പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോൺ വന്നതെന്നു കല്ലമ്പലം പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയൽവാസികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.

trivandrum-murder
കൊല ചെയ്യപ്പെട്ട രാജുവിന്റെ വീടിനു മുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ. രാജുവിനെ അടിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മൺവെട്ടിയും കാണാം (മനോരമ ന്യൂസ് വിഡിയോയിൽനിന്ന്)

ഇവർ രാജുവും കുടുംബവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്ണുവും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. അതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. സംഘർഷത്തിനും കയ്യാങ്കളിക്കുമിടെ പെൺകുട്ടിയുടെ പിതാവിനെ ഇവർ മൺവെട്ടിയുമായി ആക്രമിച്ചു. ജിഷ്ണുവിന്റെ സഹോദരൻ ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴിച്ചത്. തലയ്ക്ക് അടിയേറ്റ രാജു നിലത്തുവീണു. ഇതിനു പിന്നാലെ നാലുപേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഇവർ ഇവിടെനിന്നു രക്ഷപ്പെട്ടു. രാജുവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിവരമറിഞ്ഞ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മർദ്ദനമേറ്റ രാജു തൽക്ഷണം മരിച്ചെന്നാണു വിവരം. മുൻപ് വിദേശത്തായിരുന്ന രാജു, പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് സ്ഥിര താമസമാക്കിയതായിരുന്നു.

English Summary: Father Of The Bride Killed By Neighbours In Trivandrum On Marriage Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com