വിയ്യൂർ ജയിലിൽ അസി. സൂപ്രണ്ടിനെ ആക്രമിച്ച കേസ്: ആകാശ് തില്ലങ്കേരിക്കു ജാമ്യമില്ല
Mail This Article
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിൽ അസി. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസിൽ ആകാശ് തില്ലങ്കേരിയുടെയും കൂട്ടുപ്രതി തില്ലങ്കേരി കരിയിൽ ജിജോയുടെയും ജാമ്യാപേക്ഷ സെഷൻസ് കോടതി ജഡ്ജി ജി. ഗിരീഷ് തള്ളി. വിവിധ സ്റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണെന്നതും കാപ്പ ചുമത്തപ്പെട്ടതും പരിഗണിച്ചാണു കോടതി വിധി.
ജൂൺ 25ന് ഉച്ചയ്ക്കായിരുന്നു ആകാശ് അസി. സൂപ്രണ്ടിനെ ആക്രമിച്ചത്. സൂപ്രണ്ടിന്റെ ചെവിയുടെ പിൻഭാഗത്തും തോളിലും ആകാശ് ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ജിജോ അസി. സൂപ്രണ്ടിനു നേർക്കു വധഭീഷണി മുഴക്കി. പരുക്കേറ്റ സൂപ്രണ്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സെല്ലിനുള്ളിലെ കാഴ്ച മറയ്ക്കുംവിധം ആകാശ് തുണികെട്ടിയത് അസി. സൂപ്രണ്ട് എടുത്തു മാറ്റുകയും താക്കീതു നൽകുകയും ചെയ്തതാണു വിരോധത്തിനു കാരണം. വിയ്യൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജയിലിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി.
English Summary: No bail for Akash Thillankeri in Jail on assistant superintendent attack case