‘ഗില്ലിന്റെ തോളിൽ കയ്യിട്ട് പുഞ്ചിരിച്ച് സാറ’: ചിത്രം ഡീപ്ഫെയ്ക്, താൻ ട്വിറ്ററിൽ ഇല്ലെന്ന് താരപുത്രി
Mail This Article
മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർക്ക് എതിരെയും ഡീപ്ഫെയ്ക് പ്രചാരണം. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്‌മാൻ ഗില്ലുമായി ചേർത്തുള്ള വ്യാജ ചിത്രങ്ങളാണു സാറയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ കുറിപ്പുമായി സാറ നേരിട്ട് രംഗത്തെത്തി.
ഇൻസ്റ്റഗ്രാമിൽ മാത്രമാണു തനിക്ക് അക്കൗണ്ട് ഉള്ളതെന്നും മറ്റെല്ലാം വ്യാജമാണെന്നും സാറ വ്യക്താക്കി. ‘‘സന്തോഷവും സങ്കടവും ജീവിതത്തിലെ കാര്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന മനോഹരമായ ഇടമാണു സമൂഹമാധ്യമം. അങ്ങനെയാണെങ്കിലും സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്ത്, ഇന്റർനെറ്റിന്റെ ആധികാരികതയെയും സത്യത്തെയും ദുരുപയോഗം ചെയ്യുന്നതു പരിഭ്രമിപ്പിക്കുന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത നിരവധി ഡീപ്ഫെയ്ക് ചിത്രങ്ങൾ കാണാനിടയായി.
വ്യാജ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ഞാനെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. എനിക്ക് എക്സിൽ അക്കൗണ്ട് ഇല്ല. ഇക്കാര്യം എക്സ് അധികൃതർ ശ്രദ്ധിക്കുമെന്നും വ്യാജ പേജുകൾ നീക്കുമെന്നും കരുതുന്നു. വിനോദോപാധികളെന്ന തരത്തിൽ വ്യാജ വാർത്തകളെ പ്രോത്സാഹിപ്പിക്കരുത്. യാഥാർഥ്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം’’– സാറ കുറിച്ചു.
സാറയുമായി ഗിൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ മുംബൈയിലെ ഹോട്ടലിൽ സാറയും ഗില്ലും ഒരുമിച്ചെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിക്കാൻ ഇരുവരും തയാറായില്ല. ലോകകപ്പ് മത്സരങ്ങൾക്കിടെ സാറയുടെ പേരു വിളിച്ച് ആരാധകർ ഗില്ലിനെ പരിഹസിച്ചപ്പോൾ ഗില്ലിന്റെ പേരാണു വിളിക്കേണ്ടതെന്ന് ഇന്ത്യൻ താരം വിരാട് കോലി നിർദേശിച്ചതും ചർച്ചയായി. ഈ പശ്ചാത്തലത്തിലാണ്, സാറയ്‌ക്കൊപ്പമുള്ള മറ്റൊരാളുടെ തല മാറ്റി ഗില്ലിന്റെ മുഖം ചേർത്തുള്ള ഡീപ്ഫെയ്ക് ചിത്രങ്ങൾ പ്രചരിക്കുന്നത്.