ഗാസയിലെ വെടിനിർത്തൽ: യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, എതിർത്ത് 10 രാജ്യങ്ങൾ

Mail This Article
ന്യൂഡൽഹി ∙ ഗാസയിൽ വെടിനിർത്താനും ബന്ദികളെ വിട്ടയയ്ക്കാനും ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത് ഇന്ത്യ. ഇന്ത്യയ്ക്ക് പുറമെ അൾജീരിയ, ബഹ്‌റൈൻ , ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു. യുഎസും ഇസ്രയേലും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
‘‘യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്യുകയാണ്. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഗാസയിലുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയാണ്. രാജ്യാന്തര മനുഷ്യാവകാശങ്ങൾ ഏതു സാഹചര്യത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പലസ്തീനിയൻ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകരാജ്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചും ചർച്ച നടത്തേണ്ടിയിരിക്കുന്നു’’ –യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. മേഖലയിലെ പ്രശ്നപരിഹാരത്തിനായി രാജ്യാന്തര സമൂഹം ഒരുമിച്ച് മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
സമാനമായ മറ്റൊരു പ്രമേയം രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പൊതുസഭയിൽ വോട്ടെടുപ്പ് നടന്നത്. രക്ഷാസമിതിയിൽ നിരവധി അംഗരാജ്യങ്ങളുടെ പിന്തുണയോടെ യുഎഇയാണ് പ്രമേയം അവതരിപ്പിച്ചത്. യുഎസ് വീറ്റോ ചെയ്തതോടെ പ്രമേയം അസാധുവായി. പിന്നാലെയാണ് പൊതുസഭയിൽ അവതരിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതൊരു ചരിത്രദിനമാണെന്നും യുഎൻ പൊതുസഭയിൽനിന്നുള്ള ശക്തമാ സന്ദേശമാണെന്നും പലസ്തീനിയന്‍ പ്രതിനിധി റിയാദ് മൻസൂര്‍ പ്രതികരിച്ചു.
ഒക്ടോബറിൽ ഗാസയിൽ അടിയന്തര മാനുഷിക ഇടപെടൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ ഇന്ത്യ വോട്ടു ചെയ്തിരുന്നില്ല. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസയിൽ 18,000ത്തിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് യുഎൻ പ്രതികരിച്ചു.