യുവതി വിഴുങ്ങിയ പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തു; ആമാശയത്തിൽ കുടുങ്ങിയത് ഇരുമ്പു കൊണ്ടുള്ള പപ്പടക്കോൽ

Mail This Article
കോഴിക്കോട് ∙ മലപ്പുറം സ്വദേശിയായ യുവതിയുടെ ആമാശയത്തിൽ കുടുങ്ങിയ ഇരുമ്പു കൊണ്ടുള്ള പപ്പടക്കോൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു. ശസ്ത്രക്രിയ തിയറ്ററിലെ ഫൈബർ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്ട് ലാറിങ്കോസ്കോപ്പി എന്നീ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തത്.
മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വിഴുങ്ങിയ പപ്പടക്കോൽ അന്നനാളത്തിലൂടെ പോയി ഇടതു ശ്വാസകോശം തുരന്നു ആമാശയത്തിൽ ഉറച്ചു നിൽക്കുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കിൽ അതി സങ്കീർണമായ ഒരു ഭാഗം മൊത്തം തുറന്നു പുറത്തെടുക്കണം. വിജയസാധ്യതയും കുറവാണ്.
ഇതേ തുടർന്നാണ് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാൻ തീരുമാനിച്ചത്. ഇഎൻടി, അനസ്തീസിയ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇതു വിജയകരമായി പുറത്തെടുത്തത്. ആന്തരിക രക്തസ്രാവം ഉണ്ടായാൽ ഹൃദയം തുറന്നു ശസ്ത്രക്രിയ നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രാവമുണ്ടോയെന്നു നിരീക്ഷിക്കാനായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.