ADVERTISEMENT

ബെയ്ജിങ്∙ മാലദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് അഭ്യർഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ ഭാഗമായി ഫുജിയാൻ പ്രവിശ്യയിൽ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർഥന. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളിൽ ഒന്നാമത് ഇന്ത്യക്കാരാണ്.

ചൈനയുമായി മാലദ്വീപിനു വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ചൈന എന്ന് അദ്ദേഹം വ്യക്തമാക്കി. 2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തുടക്കം കുറിച്ച ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീർത്തിച്ചു. മാലദ്വീപിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ അടിസ്ഥാന വികസന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോവിഡിനു മുൻപ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യർഥന’’– മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീർത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ച ശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്. മാലദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുർക്കിയും പിന്നീട് യുഎഇയും സന്ദർശിച്ച അദ്ദേഹം ഇതിനു ശേഷം ചൈനയിലേക്കു പോയി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com