പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തമിഴ്നാട്ടിൽ നിരോധിച്ചെന്ന് നിർമല; മറുപടിയുമായി ഡിഎംകെ മന്ത്രി
Mail This Article
ചെന്നൈ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും സംസ്ഥാന പൊലീസ് തടയുകയാണെന്നും അവർ ആരോപിച്ചു. സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോൺഫറൻസിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ പ്രതികരിച്ചു.
‘‘ജനുവരി 22ലെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം തമിഴ്നാട് സർക്കാർ നിരോധിച്ചിരിക്കുന്നു. തമിഴ്നാട്ടിൽ ശ്രീരാമനു വേണ്ടി 200-ലധികം ക്ഷേത്രങ്ങളുണ്ട്. ഹിന്ദു റിലീജിയൻ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്മെന്റ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ ശ്രീരാമന്റെ പേരിൽ പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവ അനുവദനീയമല്ല.
സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് പൊലീസ് തടയുന്നു. പന്തലുകൾ വലിച്ചുകീറുമെന്ന് അവർ സംഘാടകരെ ഭീഷണിപ്പെടുത്തി. ഈ ഹിന്ദുവിരുദ്ധ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു’’– നിർമല സീതാരാമൻ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘തത്സമയ സംപ്രേഷണ നിരോധനത്തെ ന്യായീകരിക്കാൻ തമിഴ്നാട് സർക്കാർ ക്രമസമാധാന പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. തീർത്തും തെറ്റായ ആരോപണങ്ങളാണിത്. അയോധ്യ വിധി വന്ന ദിവസം ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസവും രാജ്യത്തിന്റെ ഒരു ഭാഗത്തും പ്രശ്നമുണ്ടായില്ല’’– അവർ കൂട്ടിച്ചേർത്തു.
നിർമലയുടെ പ്രസ്താവനയെ തമിഴ്‌നാട് ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി പി.കെ.ശേഖർ ബാബു അപലപിച്ചു. ‘‘സേലത്ത് നടക്കുന്ന ഡിഎംകെ യൂത്ത് കോൺഫറൻസിൽനിന്ന് ശ്രദ്ധ തിരിക്കാനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. ഹിന്ദു റിലീജിയസ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്മെന്റ്, ശ്രീരാമന്റെ പേരിൽ ഭക്തർക്ക് പൂജ നടത്താനുള്ള സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നിർമല സീതാരാമനെപ്പോലുള്ളവർ ഇത്തരം തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്’’– അദ്ദേഹം പറഞ്ഞു.