മണിക്കൂറുകൾക്കകം ഇന്ത്യ മുന്നണിക്ക് വീണ്ടും ഷോക്ക്; പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി
Mail This Article
ചണ്ഡിഗഡ് ∙ മണിക്കൂറുകൾക്കകം പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ വീണ്ടും വിള്ളൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച് എഎപി രംഗത്തെത്തി. ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കിയതിനു പിന്നാലെയാണ് എഎപിയുടെ പ്രതികരണം.
‘‘പഞ്ചാബിലെ 13 ലോക്സഭാ സീറ്റിലേക്ക് 40 സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക എഎപി തയാറാക്കി. സർവേ നടത്തിയാണു സ്ഥാനാർഥികളെ അന്തിമമായി പ്രഖ്യാപിക്കുക.’’– പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു പറഞ്ഞു മമത ഞെട്ടിച്ചതിനു പിന്നാലെ എഎപിയും തീരുമാനമെടുത്തത് ഇന്ത്യ മുന്നണിക്കു വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിനുശേഷം മുന്നണിയിൽ ചേരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണു മമതയുടെ നിർദേശം.
‘‘കോൺഗ്രസുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ബംഗാളിന്റെ കാര്യമാണ് എപ്പോഴും പറയുന്നത്. അവിടെ ഞങ്ങൾ ഒറ്റയ്ക്കു പോരാടും. കോൺഗ്രസിന് ഒരുപാട് നിർദേശങ്ങൾ നൽകിയെങ്കിലും നിരസിച്ചു. രാജ്യത്തു മറ്റിടങ്ങളിൽ എന്തു നടക്കുന്നു എന്നതിൽ ആശങ്കയില്ല. ഞങ്ങൾ മതേതര പാർട്ടിയാണ്. ബംഗാളിൽ ഒറ്റയ്ക്കു മത്സരിച്ച് ബിജെപിയെ തോൽപ്പിക്കും’’– മമത പറഞ്ഞു. മമതയുമായുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വൈകാതെ പരിഹരിക്കുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ഭഗവന്ത് മാനിന്റെ പ്രസ്താവനയോടു കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.