പോർമുഖം ശക്തമാക്കി ഹിമന്ത; രാഹുലിനെതിരായ പൊലീസ് കേസ് സിഐഡിക്ക് കൈമാറി
Mail This Article
ദിസ്‍പുർ∙ പ്രകോപനമുണ്ടാക്കാൻ അണികൾക്കു നിർദേശം നൽകിയെന്നാരോപിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അസം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനു (സിഐഡി) കൈമാറി. കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണു സർക്കാരിന്റെ നടപടി. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുന്നതു പൊലീസ് തടഞ്ഞിരുന്നു.
Read more at: ‘അന്ന് രാഹുൽ വളർത്തുനായയ്ക്ക് ബിസ്‌കറ്റ് കൊടുക്കുന്ന തിരക്കിൽ’; ഇന്ന് പകവീട്ടി ഹിമന്ത?
വിശദമായും ആഴത്തിലുമുള്ള പരിശോധനയ്ക്കായാണു കേസ് സിഐഡിക്കു കൈമാറിയതെന്ന് അസം പൊലീസ് മേധാവി ജി.പി.സിങ് എക്സിൽ (ട്വിറ്റർ) അറിയിച്ചു. രാഹുലിനെതിരെ പൊലീസ് കേസെടുത്ത് രണ്ടു ദിവസത്തിനുശേഷമാണു നടപടി. കലാപശ്രമം, അനധികൃതമായുള്ള കൂടിച്ചേരൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയവയുൾപ്പെടെ ഐപിസിയിലെ 9 വകുപ്പുകളാണു രാഹുലിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ചുമത്തിയിട്ടുള്ളത്. അസമിലെ ന്യായ് യാത്ര വ്യാഴാഴ്ച അവസാനിക്കും. തുടർന്ന് ബംഗാളിലേക്കു പ്രവേശിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നിർദേശപ്രകാരമാണു രാഹുലിനെതിരെ കേസെടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കനയ്യ കുമാർ എന്നിവർക്കെതിരെയും കേസുണ്ട്. രാഹുലിന്റെ യാത്രയും അസമിലെ ബിജെപി സർക്കാരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. അസം- മേഘാലയ അതിർത്തിയിലുള്ള യുഎസ്ടിഎം സർവകലാശാല വിദ്യാർഥികളുമായുള്ള സംവാദം സർക്കാർ റദ്ദാക്കിയിരുന്നു. ഇക്കാര്യമറിഞ്ഞു നൂറുകണക്കിനു വിദ്യാർഥികൾ രാഹുൽ താമസിച്ച ഹോട്ടലിനു മുൻപിലെത്തി. തുടർന്നു സർവകലാശാലയുടെ മുന്നിൽ ബസിനു മുകളിൽ കയറി രാഹുൽ വിദ്യാർഥികളുമായി സംസാരിച്ചു.