ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനത്തിനു നാവിക സേനയും
Mail This Article
ന്യൂഡൽഹി∙ ജനുവരി 26ന് ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പൽ ‘മാർലിൻ ലുവാണ്ട’യിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിനു തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തി. കപ്പലില്‍ 22 ഇന്ത്യക്കാരും ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു.
അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഇസ്രയേൽ – പലസ്തീൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കപ്പലുകൾക്കു നേരെ ഹൂതികളുടെ ആക്രമണമെന്നാണ് വിവരം.