‘കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യും, ബിജെപിയില്‍ ചേരൂ’: 7 എംഎൽഎമാര്‍ക്ക് 25 കോടി വാഗ്ദാനം ചെയ്തെന്ന് കേജ്‌രിവാള്‍

Mail This Article
ന്യൂഡല്‍ഹി∙ ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തീവ്രശ്രമം നടത്തുകയാണെന്നും ഏഴ് എഎപി എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. എഎപി എംഎല്‍എമാരുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയെന്നും കേജ്‌രിവാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഡല്‍ഹി മദ്യനയക്കേസില്‍ കേജ്‌രിവാളിനെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും അതിനു ശേഷം എംഎല്‍എമാരെ അടര്‍ത്തിയെടുക്കുമെന്നുമാണ് എഎപി നിയമസഭാംഗങ്ങളോട് ബിജെപി പറഞ്ഞതെന്നും കേജ്‌രിവാള്‍ അറിയിച്ചു. 21 എംഎല്‍എമാരുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. മറ്റുള്ളവരുമായും സംസാരിക്കും. അതിനു ശേഷം ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്തും. ‘നിങ്ങള്‍ക്കും സ്വാഗതം. 25 കോടി രൂപയും മത്സരിക്കാൻ ബിജെപി ടിക്കറ്റും’ എന്നായിരുന്നു വാഗ്ദാനമെന്നും കേജ്‌രിവാളിന്റെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ എല്ലാ എംഎല്‍എമാരും ബിജെപിയുടെ വാഗ്ദാനം നിരസിച്ചുവെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എഎപിയെ പരാജയപ്പെടുത്താന്‍ കഴിയാത്ത ബിജെപി ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ വളഞ്ഞവഴി പയറ്റുകയാണെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.
‘‘ഡല്‍ഹി മദ്യനയക്കേസ് അന്വേഷണത്തിന്റെ ഭാഗമായല്ല എന്നെ അറസ്റ്റ് ചെയ്യുന്നത്. പകരം ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ്. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ നിരവധി തവണ അവര്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ എംഎല്‍എമാര്‍ ശക്തമായി പാര്‍ട്ടിക്കൊപ്പം അണിനിരന്നു.
ഡല്‍ഹിയില്‍ ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ജനങ്ങള്‍ എഎപി സര്‍ക്കാരിനെ സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ക്കറിയാം. അതുകൊണ്ട് എഎപിലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക അസാധ്യമാണ്. ആ സാഹചര്യത്തില്‍ വ്യാജ മദ്യതട്ടിപ്പ് ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ വീഴ്ത്താനാണ് അവര്‍ ശ്രമിക്കുന്നത്.’’ - കേജ്‌രിവാള്‍ പറഞ്ഞു.