ബിഹാറിൽ നിതീഷിന്റെ ആദ്യ നീക്കം ആർജെഡിക്കെതിരെ; സ്പീക്കറെ നീക്കാൻ അവിശ്വാസപ്രമേയ നോട്ടിസ്

Mail This Article
പട്ന∙ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, ആർജെഡിക്കെതിരെ ആദ്യ നീക്കം. ആർജെഡിയുടെ നിയമസഭ സ്പീക്കർ അവധ് ബിഹാരി ചൗധരിയെ പുറത്താക്കാൻ അവശ്വാസപ്രമേയ നോട്ടിസ് എൻഡിഎ നൽകി.
എൻഡിഎ സഖ്യത്തിലുള്ള ബിജെപി നേതാക്കളായ നന്ദ് കിഷോർ യാദവ്, തർക്കിഷോർ പ്രസാദ്, എച്ച്എഎം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായി ജിതൻ റാം മാഞ്ചി, ജെഡിയുവിന്റെ വിനയ് കുമാർ ചൗധരി, രത്‌നേഷ് സാദ , മറ്റ് എംഎൽഎമാർ എന്നിവരാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്.
കോൺഗ്രസ്–ആർജെഡി–ജെഡിയു മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി പദം രാജിവച്ച് ഇന്നലെ വൈകിട്ടോടെയാണ് നിതീഷ് കുമാർ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇതോടെ ജെഡിയു, ബിജെപി, എച്ച്എഎം എന്നിവയിലെ എംഎൽഎമാരും ഒരു സ്വതന്ത്രനുമടക്കം 128 പേരുടെ പിന്തുണ ഉറപ്പാക്കി. നിതീഷ് അടക്കം ഒൻപതു പേരടങ്ങുന്ന മന്ത്രിസഭയാണ് അധികാരമേറ്റത്. ഇതിൽ ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി.