കള്ളുഷാപ്പിൽ സംഘർഷം: യുവാവ് മരിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ

Mail This Article
കുട്ടനാട് ∙ കള്ളുഷാപ്പിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവു മരിച്ചു; രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് മാവൂർ ചെറുപ്പപാറ വീട്ടിൽ വേണുവിന്റെ മകൻ മുരളിയാണ് (37) മരിച്ചത്. കൊട്ടാരക്കര മൈലം പഞ്ചായത്ത് 7–ാം വാർഡിൽ ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ (24), ഷാപ്പ് ജീവനക്കാരൻ കോട്ടയം കുറിച്ചി പഞ്ചായത്തിൽ 4–ാം വാർഡിൽ മട്ടാഞ്ചേരി വീട്ടിൽ മെവിൻ എം.ജോയ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ ഒരുമണിയോടെ രാമങ്കരി കുന്നങ്കരി വാഴയിൽ ഷാപ്പിൽ ആയിരുന്നു സംഭവം. സുഹൃത്തുക്കളായ മുരളിയും ശ്രീക്കുട്ടനും സംഭവം നടന്ന ഷാപ്പിൽ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ചില ദിവസങ്ങളിൽ അവിടെ കിടന്നുറങ്ങാറുമുണ്ട്. പുലർച്ചെ ശ്രീക്കുട്ടനും മുരളിയും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി. ഷാപ്പ് ജീവനക്കാരനായ നിവിൻ ശ്രീക്കുട്ടനൊപ്പം ചേർന്നു മുരളിയെ മർദിച്ചു. തടിക്കഷണം കൊണ്ടു തലയ്ക്കടിയേറ്റ മുരളി നിലത്തുവീണതോടെ ഇരുവരും മുങ്ങി. പുലർച്ചെ 5 മണിയോടെ ഷാപ്പ് മാനേജർക്കൊപ്പം ഇരുവരും ചേർന്നു മുരളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നെവിനെ പൊലീസ് ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒളിവിൽപോയ ശ്രീക്കുട്ടനെ ഇന്നലെ വൈകിട്ട് റാന്നിയിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.