ബിജെപിക്ക് കമൽനാഥിനെ ആവശ്യമില്ല, വാതിലുകൾ അടഞ്ഞുതന്നെ കിടക്കും: മധ്യപ്രദേശ് മന്ത്രി
Mail This Article
ജബൽപുർ∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥിനെ ബിജെപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. മധ്യപ്രദേശ് ബിജെപി മുൻ അധ്യക്ഷനും മന്ത്രിയുമായ കൈലാഷ് വിജയ്‌വർഗിയയാണ് കമൽനാഥിനെതിരെ രംഗത്തെത്തിയത്. കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോടായിരുന്നു ബിജെപി മന്ത്രിയുടെ പ്രതികരണം. കമൽനാഥിന്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുന്നതിനിടെയാണിത്.
‘‘ഞങ്ങളുടെ പാർട്ടിയിൽ കമൽനാഥിന്റെ ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹത്തിനുനേരെ ബിജെപിയുടെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും’’ –കൈലാഷ് വിജയ്‌വർഗിയ പറഞ്ഞു.
കമൽനാഥും മകനും എംപിയുമായ നകുൽനാഥും ഡൽഹിയിലെത്തിയതിനു പിന്നാലെയാണ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനിടെ കമൽനാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയിൽ നിന്നുള്ള നിരവധി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ബുധനാഴ്ച ബിജെപിയിൽ ചേർന്നു.
ചിന്ദ്വാര ലോക്‌സഭാ സീറ്റിൽ നകുൽനാഥ് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു പറഞ്ഞാണ് ആരോപണങ്ങളെ കോൺഗ്രസ് നേരിടുന്നത്. കമൽനാഥുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അദ്ദേഹം കോൺഗ്രസ് വിടില്ലെന്നു പറയുമ്പോഴും അഭ്യൂഹങ്ങളോടു പ്രതികരിക്കാൻ കമൽനാഥ് ഇതുവരെ തയ്യാറായിട്ടില്ല.