ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയായ ഖനൗരിയിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ആരോപിച്ചു. ഹരിയാനയിൽ ഇന്നു റോഡ് തടയുമെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നു ചർച്ച ചെയ്യാൻ ദേശീയ കോ–ഓർഡിനേഷൻ കമ്മിറ്റിയും ജനറൽ ബോഡിയും ചേരും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘ദില്ലി ചലോ’ മാർച്ച് 2 ദിവസത്തേക്കു നിർത്തിവയ്ക്കാനാണു തീരുമാനം. ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് ഭട്ടിൻഡ സ്വദേശി ശുഭ് കരൺ സിങ്ങാണ് (21) മരിച്ചത്. ശുഭിന്റെ മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിങ് മാൻ പറഞ്ഞു.

Read Also: ‘മോദിയുടെ അഹങ്കാരം’: യുവ കർഷകൻ മരിച്ചതിൽ വിമർശനവുമായി രാഹുൽ ഗാന്ധി...

ശംഭു, ഖനൗരി അതിർത്തികളിലെ സംഘർഷങ്ങളിൽ 160ലേറെ കർഷകർക്കു പരുക്കേറ്റുവെന്നാണു വിവരം. ശംഭു അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു സംഘർഷം തുടങ്ങിയത്. കല്ലും കുപ്പികളുമായി കർഷകരും എതിർത്തു. ദത്താ സിങ്‌വാല അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വളഞ്ഞ കർഷകർ മുളകുപൊടി പ്രയോഗിച്ചുവെന്നും വടി കൊണ്ട് അടിച്ചുവെന്നും 12 പൊലീസുകാർക്കു പരുക്കേറ്റുവെന്നും ജിൻഡ് എസ്പി പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെ 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നീ സംഘടനകളാണു 13നു ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. സമരക്കാരെ തടയാൻ ബാരിക്കേഡുകളും മുള്ളുവേലികളും മറ്റുമായി വൻ സന്നാഹം പൊലീസ് ഒരുക്കിയിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ 14,000ത്തിലേറെ കർഷകർ അണിനിരന്നിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് പറഞ്ഞു. 1200 ട്രാക്ടർ–ട്രോളികളും 300 കാറുകളും 10 മിനി ബസുകളും കർഷകർ അതിർത്തിയിൽ എത്തിച്ചിരുന്നു.

കർഷകസമരം 2.0
  • വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.

  • 150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.

  • എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.

English Summary:

SKM blames govt for farmer's death; road blockade in Haryana today- Farmers Protest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com