ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ അംഗീകരിക്കപ്പെടേണ്ടത്; സുരക്ഷ കൗൺസിലിൽ സ്ഥിര അംഗത്വം നൽകണമെന്നു ഗ്രീക്ക് പ്രധാനമന്ത്രി

Mail This Article
ന്യൂഡൽഹി∙ ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. 140 കോടിയിലേറെ ജനങ്ങളുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നാണ് അദ്ദേഹത്തിന്റെ പ്രശംസ. ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തിലാണു കിരിയാക്കോസ് മിത്സോതാകിസിന്റെ പരാമർശം. രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനു എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സിലിൽ ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം നൽകണമെന്നും കിരിയാക്കോസ് മിത്സോതാകിസ് ആവശ്യപ്പെട്ടു. എഴുപത് വർഷം മുമ്പാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്. ലോകം മാറുന്നത് അനുസരിച്ച് ഐക്യരാഷ്ട്രസഭയിലും മാറ്റമുണ്ടാകണം. ക്ഷേമ പ്രവർത്തനങ്ങളിൽ വലിയ ശ്രദ്ധ കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ നേടിയ നേട്ടങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണ്. കോടിക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും കിരിയാക്കോസ് മിത്സോതാകിസ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് സമ്പ്രദായം ജനാധിപത്യത്തിന് തടസമാണെന്ന തെറ്റായ ധാരണകളെ തച്ചുടയ്‌ക്കുന്ന ഉദാത്ത മാതൃകയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പദ്രായം. ജനാധിപത്യത്തിന് എങ്ങനെ ശക്തമായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാമെന്ന് ഇന്ത്യ ലോകത്തെ പഠിപ്പിക്കുകയാണ്. ലോകം ഒരു കുടുംബമാണ് എന്ന വസുധൈവ കുടുംബമെന്ന ആശയമാണ് ഇന്ത്യൻ ഗ്രന്ഥങ്ങൾ പകർന്നുനൽകുന്ന ആശയമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയും ഗ്രീക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്.