പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമതാ ബാനർജി; പ്രോട്ടോക്കോൾ പ്രകാരമുള്ള സന്ദർശനമെന്ന് പ്രതികരണം
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി മമതാ ബാനർജി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും പ്രോട്ടോക്കോൾ പ്രകാരം രാജ്ഭവനിൽ എത്തിയതാണെന്നും മമതാ ബാനർജി പ്രതികരിച്ചു. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ സംസ്ഥാനത്ത് എത്തിയാൽ മുഖ്യമന്ത്രി അവരെ സന്ദർശിക്കുന്നത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
ഡിസംബറിൽ, സംസ്ഥാനത്തിന് അര്‍ഹമായ 1.18 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയെ കാണുന്നത്. കേന്ദ്രം ഫണ്ടു നൽകുന്നില്ലെന്നു കാണിച്ച് 2022 മാർച്ച് മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ചർച്ചകളിൽ ഒന്നായിരുന്നു ഇക്കാര്യം. പദ്ധതിയിലെ ഗുണഭോക്താക്കളായ 30 ലക്ഷം പേർക്കുള്ള കുടിശിക അടുത്തിടെ വിതരണം ചെയ്യാൻ ആരംഭിച്ചു. 2700 കോടി രൂപയാണ് ഈ ഇനത്തിൽ മാത്രം കുടിശികയുള്ളത്.