മല്ലികാര്‍ജുന്‍ ഖര്‍ഗെ മല്‍സരിക്കില്ല; കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും
Mail This Article
ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നു സൂചന. കര്‍ണാടക കോണ്‍ഗ്രസിന്റെ ആവശ്യം ഖര്‍ഗെ നിരസിച്ചു. സ്വന്തം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ രാജ്യത്താകെ കോണ്‍ഗ്രസിന്റെ പ്രചാരണരപവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഖര്‍ഗെയുടെ വാദം.
Read Also: പൗരത്വ നിയമ ഭേദഗതി: വൻ പ്രതിഷേധം; അസമിൽ ഹർത്താൽ, ലീഗ് സുപ്രീം കോടതിയിലേക്ക്
കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഖര്‍ഗെയുടെ പേര് മാത്രമാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മരുമകനായ രാധാകൃഷ്ണന്‍ ദൊഡ്ഡമണിയെ ഖര്‍ഗെ നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗുല്‍ബര്‍ഗയില്‍ രണ്ടു തവണ ജയിച്ച ഖര്‍ഗെ പക്ഷേ 2019ല്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ രാജ്യസഭാംഗമായ ഖര്‍ഗെയ്ക്ക് നാല് വര്‍ഷത്തെ കാലാവധി കൂടിയുണ്ട്. ഇന്ത്യ മുന്നണിയുടെ അവസാന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഖര്‍ഗെ ഇതു നിരസിച്ചിരുന്നു.
സാധാരണയായി പാര്‍ട്ടി അധ്യക്ഷന്മാര്‍ പൊതുതിരഞ്ഞെടുപ്പില്‍നിന്നു മാറിനില്‍ക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ല. സോണിയ ഗാന്ധിയും രാഹുലും മല്‍സരിച്ചിരുന്നു. ബിജെപിയിലാകട്ടെ ജെ.പി.നഡ്ഡയും ഇക്കുറി മല്‍സരിക്കുന്നില്ല.
അതേസമയം, ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടത്തി. സോണിയ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, തിരഞ്ഞെടുപ്പ് സമിതിയംഗവും കര്‍ണാടക മന്ത്രിയുമായ കെ.ജെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ഈ സംസ്ഥാനങ്ങളിലെ മുന്നേറ്റം അതീവ നിര്‍ണായകമാണ്. അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് അടക്കമുള്ള പ്രമുഖരെ തിരഞ്ഞെടുപ്പു കളത്തിലിറക്കിയേക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.