അന്വേഷണ ഏജൻസികൾ സ്വകാര്യതയ്ക്കുള്ള അവകാശം മാനിക്കണം: ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി ∙ സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കാവൂ. വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്ന യാതൊരു നടപടിയും അന്വേഷണ ഏജൻസികൾ സ്വീകരിക്കരുതെന്നും ഡൽഹിയിൽ നടന്ന പരിപാടിയിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരിശോധന നടത്താനും പിടിച്ചെടുക്കാനുമുള്ള അധികാരവും വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും തമ്മിൽ കൃത്യമായ വേർതിരിവ് ഉണ്ടായിരിക്കണം. നീതിയും ന്യായവും പുലരുന്ന സമൂഹത്തിൽ അടിസ്ഥാന തത്വമാണിത്. ചെറിയ കുറ്റകൃത്യങ്ങളെക്കാൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും സുരക്ഷയെയും ബാധിക്കുന്ന കേസുകളിൽ അന്വേഷണ ഏജൻസികൾ കൂടുതൽ ശ്രദ്ധ നൽകണം. ഡിജിറ്റൽ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി എന്നിവയെ അന്വേഷണ ഏജൻസികൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.