ഗർഭിണിക്ക് ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു, ഗേറ്റ് എത്തിയപ്പോൾ പ്രസവം; 3 ഡോക്ടർമാരെ പിരിച്ചുവിട്ടു

Mail This Article
ജയ്പുർ∙ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ആശുപത്രി കവാടത്തിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടിയെടുത്ത് രാജസ്ഥാൻ സർക്കാർ. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടർമാരെ പിരിച്ചുവിട്ടു.
ജയ്പുർ കാൺവടിയ ആശുപത്രിയിൽ ബുധനാഴ്ചയാണു സംഭവം. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഗർഭിണിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. തുടർന്നു യുവതി ആംബുലൻസ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഇവരെ സഹായിക്കാൻ ആശുപത്രി ജീവനക്കാർപോലും തയാറായില്ലെന്നാണു വിവരം. തുടർന്ന് ഗേറ്റുവരെ നടന്നെത്തുമ്പോഴേക്കും പ്രസവവേദന മൂർച്ഛിച്ച ഇവർ ഗേറ്റിൽ പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വകുപ്പ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി അഡിഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിങ് അറിയിച്ചു. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ കുസും സെയ്നി, നേഹ രജാവത്, മനോജ് എന്നീ മൂന്നു ഡോക്ടർമാരെ പിരിച്ചുവിട്ടു. കൺവടിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിങ് തൻവാറിനും കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.