ബിഹാറിൽ വെള്ളിയാഴ്ച 4 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും; മത്സരചിത്രം ഇങ്ങനെ

Mail This Article
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വെള്ളിയാഴ്ച ബിഹാറിലെ നാലു മണ്ഡലങ്ങൾ ജനവിധിയെഴുതും. ബിഹാറിലെ 40 മണ്ഡലങ്ങളിൽ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. ഔറംഗബാദ്, ഗയ, നവാഡ, ജമുയി മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ഇന്ത്യാ സഖ്യത്തിൽ ആർജെഡി നാലു സീറ്റിലും മത്സരിക്കുമ്പോൾ എൻഡിഎയിൽ ബിജെപി രണ്ടു സീറ്റിലും എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുന്നു.
ബിഹാറിൽ വെള്ളിയാഴ്ച വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ മത്സരചിത്രം:
∙ ഗയ: കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു തോറ്റ മണ്ഡലത്തിൽ ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ് മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി. ബിഹാർ മുൻ മന്ത്രി കുമാർ സർവജിത്താണ് ആർജെഡി സ്ഥാനാർഥി.
∙ ഔറംഗബാദ്: നാലു തവണ വിജയിച്ച സിറ്റിങ് എംപി സുശീൽ കുമാറാണ് ബിജെപി സ്ഥാനാർഥി. ആർജെഡി സ്ഥാനാർഥി അഭയ് കുമാർ ഖുശ്വാഹയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിലെ കന്നി മത്സരവും.
∙ ജമുയി: എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പസ്വാന്റെ സിറ്റിങ് സീറ്റായ ജമുയിയിൽ ഇക്കുറി ചിരാഗിന്റെ സഹോദരീ ഭർത്താവ് അരുൺ ഭാരതിയാണ് പാർട്ടി സ്ഥാനാർഥി. ആർജെഡി എംഎൽഎയും ബാഹുബലി നേതാവുമായ മുകേഷ് യാദവിന്റെ ഭാര്യ അർച്ചന രവിദാസ് ആർജെഡി സ്ഥാനാർഥി.
∙ നവാഡ: രാജ്യസഭാംഗം വിവേക് ഠാക്കൂറാണ് ബിജെപിയുടെ സ്ഥാനാർഥി. ആർജെഡി സ്ഥാനാർഥിയായി ശ്രാവൺ കുമാർ ഖുശ്വാഹ മത്സരിക്കുമ്പോൾ ആർജെഡി വിമത സ്ഥാനാർഥിയായി വിനോദ് യാദവും സജീവമായി രംഗത്തുണ്ട്.