മോഫിയയുടെ ആത്മഹത്യ: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി സർക്കാർ
Mail This Article
കൊച്ചി ∙ ഗാർഹിക പീഡനത്തെ തുടര്‍ന്ന് ആലുവ സ്വദേശിയായ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ദിൽഷാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി സംസ്ഥാന സർക്കാർ. മോഫിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അഡ്വ. രാജേഷ് എം.മേനോനെ പുതിയ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നൽകിയ പേര് തള്ളി മറ്റൊരു അഭിഭാഷകനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ കുടുംബം രംഗത്തു വന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനങ്ങൾ വിവരിച്ചു കത്തെഴുതി വച്ച ശേഷം 2021 നവംബർ 22നാണ് 21–കാരി മോഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. ഒത്തുതീർപ്പ് ചർച്ചകൾക്ക് വിളിച്ചു വരുത്തിയ ശേഷം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒ അപമാനിക്കുകയായിരുന്നു എന്നും ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനു പിറ്റേന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരും അറസ്റ്റിലായിരുന്നു. എല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്. ആലുവ എസ്എച്ച്ഒ ആയിരുന്ന സി.എൽ.സുധീറിന അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സുധീർ പിന്നീട് സർവീസിൽ തിരിച്ചു കയറി. ജാമ്യം ലഭിച്ച സുഹൈൽ വിചാരണ കോടതിയിലും മാതാപിതാക്കൾ ഹൈക്കോടതിയിലും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ പോരാട്ടത്തെ തുടർന്നാണ് ആലുവ റൂറല്‍ പൊലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് 3 പേരെ മാത്രം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ദിൽഷാദ് പറഞ്ഞു. ‘‘രാജേഷ് എം.മേനോന്‍ കേസ് നന്നായി പഠിച്ച ആളാണ്. അദ്ദേഹത്തെ നിയമിച്ചത് നന്നായി. എന്നാൽ കേസിൽ മൂന്നു പേർ മാത്രമല്ല പ്രതികൾ’’– ദിൽഷാദ് പറഞ്ഞു. ഒപ്പം പൊലീസ് ഉദ്യോഗസ്ഥനേയും കേസിൽ പ്രതിയാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറയുന്നു.
സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട മോഫിയയും സുഹൈലും 2021 ഏപ്രിൽ 3നാണ് വിവാഹിതരാകുന്നത്. യുഎഇയിൽ ഒരു കൺസ്ട്രക്‌ഷൻ കമ്പനിയിൽ സുഹൈലിന് ജോലി ഉണ്ടെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ സുഹൈലിന് ജോലി ഇല്ലെന്ന് മോഫിയയുടെ കുടുംബം പറഞ്ഞു. ഒരു സിനിമ നിർമിക്കാനായി സുഹൈൽ ഇതിനിടെ 40 ലക്ഷം രൂപ വീട്ടിൽ നിന്ന് വാങ്ങി നൽകാൻ മോഫിയയെ നിര്‍ബന്ധിച്ചു. മോഫിയ ഇത് നിരസിച്ചതിനെ തുടർന്ന് ഗാര്‍ഹിക പീഡനം ആരംഭിച്ചെന്ന് പിതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇതിനൊടുവിലായിരുന്നു മോഫിയയുടെ ആത്മഹത്യ.