ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര: വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് ആർടിഒ
Mail This Article
കൽപറ്റ ∙ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർടിഒ കേസെടുത്തു. 9 കുറ്റങ്ങളാണു ചുമത്തിയത്. 45,500 രൂപ പിഴയും ചുമത്തി. എന്നാൽ ആകാശിനെതിരെ നടപടി എടുത്തിട്ടില്ല.
ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിനും സുലൈമാനെതിരെ കേസുണ്ട്. ആകാശിന്റെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽനിന്ന് തേടിയിരുന്നു. ആകാശിന്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ഈ കുറ്റം ഒഴിവാകും. വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ നൽകി. ആകാശ് ഓടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനത്തിനു രൂപമാറ്റം വരുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്.
നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ്ങിൽ സ്വമേധയാ കേസെടുക്കുമെന്നു ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. വാർത്താദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടെയടക്കം നിയമലംഘനങ്ങളിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണു രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര നടത്തിയത്. പനമരത്തുകൂടെ പോകുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശിനെതിരെ കേസെടുത്തത്. ആകാശിന്റെ ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആർടിഒ ഓഫിസ് ഉപരോധിച്ചു.