ദാന ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളില്ല; ആശ്വാസത്തിൽ ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾ

Mail This Article
ഭുവനേശ്വർ∙ കനത്ത നാശം വിതയ്ക്കാതെ ദാന ചുഴലിക്കാറ്റ് ഒഴിഞ്ഞ ആശ്വാസത്തിൽ ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾ. ആളുകളെ ഒഴിപ്പിച്ച് സംസ്ഥാനങ്ങൾ മുൻകരുതലെടുത്തിരുന്നു. വീടുകൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. പക്ഷേ, മരങ്ങൾ കടപുഴകുകയും വൈദ്യുതിവിതരണം കാര്യമായി തകരുകയും ചെയ്തു. രണ്ടു സംസ്ഥാനങ്ങളിലും ട്രെയിൻ, വിമാന സർവീസുകൾ വെള്ളിയാഴ്ച രാവിലെതന്നെ പുനരാരംഭിച്ചു.
- 5 month agoOct 25, 2024 01:53 PM IST
'ദാന' തീവ്ര ചുഴലിക്കാറ്റ് ഒഡിഷ തീരത്തു കരയിൽ പ്രവേശിച്ചു. ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. അടുത്ത 6 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിലൂടെ സഞ്ചരിച്ചു അതി തീവ്ര ന്യൂന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- 5 month agoOct 25, 2024 11:55 AM IST
ദാന ചുഴലിക്കാറ്റ് ഒഡീഷയിൽ കര തൊട്ടതിനുപിന്നാലെ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ രാവിലെ എട്ടോടെ പുനരാരംഭിച്ചു. ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള സീൽദാ ഡിവിഷനിലെ ട്രെയിൻ സർവീസുകളും രാവിലെ പത്തോടെ പുനരാരംഭിച്ചു.
- 5 month agoOct 25, 2024 06:30 AM IST
ഭദ്രക്ക് ഉൾപ്പെടെയുളള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്.
- 5 month agoOct 25, 2024 06:29 AM IST
ദാന ചുഴലിക്കാറ്റ് വടക്കൻ ഒഡീഷ തീരം പിന്നിട്ടു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും കരതൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- 5 month agoOct 25, 2024 04:23 AM IST
ഒഡീഷയിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
- 5 month agoOct 25, 2024 04:22 AM IST
10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചുഴലികാറ്റിന്റെ ഗതി മാറുന്നത് അടിസ്ഥാനമാക്കി തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
- 5 month agoOct 25, 2024 03:38 AM IST
5,84,888 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും വെള്ളിയാഴ്ച രാവിലെയോടെ അത് ആറു ലക്ഷം കടക്കുമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
- 5 month agoOct 25, 2024 03:26 AM IST
ദാന ചുഴലിക്കാറ്റിനെ പശ്ചാത്തലത്തിൽ 1600 ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റിയെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
- 5 month agoOct 25, 2024 03:10 AM IST
രാവിലെയോടെയാകും ചുഴലിക്കാറ്റ് പൂർണമായും കരതൊടുക.
- 5 month agoOct 25, 2024 03:03 AM IST
ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോർ, ജഗത്‌സിങ്പുർ ജില്ലകളിൽ കനത്ത കാറ്റും മഴയുമാണ്.


ആളുകൾക്കു ജീവഹാനിയുണ്ടാകാതിരിക്കാനുള്ള നടപടികളാണെടുത്തതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ഇതുവരെ ഒരു മരണവും ഒഡീഷയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അർധരാത്രി 12 മണിയോടെ കരതൊട്ട ചുഴലിക്കാറ്റ് രാവിലെ എട്ടരയോടെ പൂർണമായി കരതൊട്ടുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് അർധരാത്രിയോടെ ദാന ചുഴലിക്കാറ്റ് കരതൊട്ടത്.


വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ മിക്കസ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് മാജി അറിയിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 5.84 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

