കേസ് തീർന്നപ്പോൾ വിവാഹം, പിന്നാലെ പീഡനം; ഭർത്താവിന്റെ പരാതിയിൽ നടി ശശികലയ്‌ക്കെതിരെ കേസ്

Mail This Article
ബെംഗളൂരു ∙ മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ച് ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നൽകിയ പരാതിയിൽ കന്നഡ നടി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 2021ൽ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മിൽ പരിചയപ്പെടുന്നത്.
ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി. എന്നാൽ ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ശശികല നൽകിയ പീഡന പരാതിയിൽ ഹർഷവർധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്.
എന്നാൽ വിവാഹത്തിനു ശേഷവും കേസിൽ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മർദിച്ചതായും പരാതിയിൽ പറയുന്നു.