30 ലക്ഷം കാണാനില്ലെന്ന പരാതി വ്യാജമെന്ന് പൊലീസ്; കുട്ടിയെ അപായപ്പെടുത്തിയത് വീട്ടിലുള്ളയാൾ തന്നെ?

Mail This Article
തിരുവനന്തപുരം∙ രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നു വീട്ടില്‍ നടക്കാനിരിക്കെയാണു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളും നാട്ടുകാരുമാണു കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണു വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേന ഉള്‍പ്പെടെ എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഈ സമയത്തൊക്കെ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ പൊലീസിനോടു പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. രാവിലെ ശുചിമുറിയിലേക്കു പോയപ്പോള്‍ കുട്ടിയുടെ കരച്ചില് കേട്ടു എന്നും അമ്മ പറഞ്ഞിരുന്നു. കുഞ്ഞു കരയുന്നുവെന്ന് മുത്തശ്ശി വിളിച്ചു പറഞ്ഞുവെന്നും തിരികെ മുറിയിലെത്തി നോക്കുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിനിടെ ഒരാള്‍ മതില് ചാടി പോകുന്നത് കണ്ടുവെന്നും ഇവര്‍ പറഞ്ഞു. കുഞ്ഞ് സഹോദരന്റെ മുറയിലായിരുന്നെന്ന് അമ്മ പറഞ്ഞെങ്കിലും അതു തെറ്റാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സ്ഥാപനത്തിലാണ് കുഞ്ഞിന്റെ അമ്മ ശ്രീതു ജോലി ചെയ്തിരുന്നത്. പിതാവ് ശ്രീജിത്ത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാനാണ്. ഇവര്‍ കഴിഞ്ഞ കുറേ നാളുകളാണ് അകന്നാണു താമസിച്ചിരുന്നത്. ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് ഇന്നലെ ഈ വീട്ടില്‍ എത്തിയത്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. 30 ലക്ഷം രൂപ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം കുടുംബം നല്കിയ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. പുലര്‍ച്ചെ ശ്രീതുവിന്റെ സഹോദരന്റെ മുറിയില്‍ തീപിടിത്തമുണ്ടായതും ദുരൂഹത വര്‍ധിപ്പിക്കുന്നു. വീട്ടില്‍ തന്നെ ഉള്ള ആരോ ഒരാള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയത് എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.