തൃണമൂൽ അംഗം പിന്തുണച്ചു; പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി, ഭരണം പിടിച്ച് യുഡിഎഫ്

Mail This Article
കൽപറ്റ∙ പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചു. ലക്ഷ്മി ആലക്കമറ്റം ആണു പുതിയ പ്രസിഡന്റ്. എൽഡിഎഫ് അംഗമായിരുന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു യുഡിഎഫിനു വോട്ട് ചെയ്യുകയായിരുന്നു. പതിനൊന്നാം വാർഡ് അംഗമാണ് ബെന്നി. ഇതോടെ തൃണമൂലിന്റെ പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി.
യുഡിഎഫ് സ്ഥാനാർഥി 12 വോട്ടും എൽഡിഎഫ് സ്ഥാനാർഥി 10 വോട്ടും നേടി. നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ ബെന്നി ചെറിയാനെ മർദിച്ച കേസിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പനമരം സ്വദേശികളായ ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, ശ്രീജിത്ത് എന്നിവർക്കു പുറമേ കണ്ടാലറിയാവുന്ന രണ്ടു പേരെ കൂടി പ്രതി ചേർത്ത് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. ഷിഹാബും ഇർഷാദും മുൻപും വധശ്രമ കേസുകളിൽ പ്രതികളായിട്ടുണ്ട്. കൂത്താട്ടുകുളത്ത് സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടുപോയി സിപിഎം വിവാദത്തിൽ നിൽക്കെയാണ് പനമരത്തും സമാനസംഭവം നടന്നത്.