ADVERTISEMENT

കൽപറ്റ ∙ വയനാടൻ കാടുകളെ പകുതിയും നശിപ്പിച്ച മഞ്ഞക്കൊന്നയുടെ അന്ത്യം കുറിക്കാൻ ഒടുവിൽ ഒരു പ്രാണിയെ ഉപയോഗിക്കാൻ വനംവകുപ്പ്. കഴിഞ്ഞ മാസം വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ വനത്തിലാണ് മഞ്ഞക്കൊന്നയെ നശിപ്പിക്കുന്ന പ്രാണിയെ കണ്ടെത്തിയത്. വയനാടൻ കാടുകളിൽ 55 ശതമാനം മഞ്ഞക്കൊന്നയാണ്. മഞ്ഞക്കൊന്ന വനം കയ്യടക്കിയതോടെ തീറ്റയില്ലാതായ മൃഗങ്ങൾ നാട്ടിലേക്കിറങ്ങാനും തുടങ്ങി.

വനം നശിപ്പിച്ച മഞ്ഞക്കൊന്നയെ ഇല്ലാതാക്കാൻ കോടികൾ മുടക്കുന്നതിനിടെയാണ് പ്രാണിയെ കണ്ടെത്തിയത്. ഈ പ്രാണി മഞ്ഞക്കൊന്നയുടെ തായ്തടി തിന്നുകയും ചെടി ഉണങ്ങിപ്പോകുന്നതുമായാണ് കണ്ടത്. പ്രാണിയെ ഉപയോഗിച്ച് വനം നശിപ്പിക്കുന്ന മഞ്ഞക്കൊന്നയെ ഇല്ലാതാക്കാനാകുമോ എന്നാണ് വനംവകുപ്പ് പഠനം നടത്തുന്നത്. ബത്തേരി മുത്തങ്ങ തകരപ്പാടി കുന്നുഭാഗത്തെ മഞ്ഞക്കൊന്ന കേടായി നിൽക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധതിൽപ്പെടുകയും മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ (Senna spectabilis) ഐലൻഡ് പിൻഹോൾ ബോറർ (Xyleborus perforans) എന്ന പ്രാണി തിന്നു നശിപ്പിക്കുന്നതായാണു കണ്ടെത്തൽ. കെഎഫ്ആർഐ (കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്) നോഡൽ സെന്റർഫോർ ബയോളജിക്കൽ ഇൻവേഷൻസിന്റെ കോ ഓർഡിനേറ്റും ചീഫ് സയന്റിസ്റ്റുമായ ഡോ. ടി.വി.സജീവിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

തകരപ്പാടിയിൽ വ്യാപകമായി മഞ്ഞക്കൊന്നയെ ഈ പ്രാണി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെൺ പ്രാണി മരത്തിന്റെ തടിയിൽ തുരന്നു കയറുകയും മുട്ടയിടുന്നതിനൊപ്പം ശരീരത്തിലുള്ള ഒരിനം പൂപ്പൽ (ഫംഗസ്) മരത്തിൽ പടർത്തുകയും ചെയ്യും. ഫംഗസ് മരത്തെ ആഹാരമാക്കും. പ്രാണിയും ലാർവയും ഫംഗസിനെയാണ് ആഹാരമാക്കുന്നത്. ഇങ്ങനെ ചെടി ഉണങ്ങി നശിക്കും.

∙ പ്രോട്ടോക്കോൾ ഉണ്ടാക്കാൻ വനംവകുപ്പ്

പ്രാണി മഞ്ഞക്കൊന്നയെ തിന്നുന്നത് ജൈവ നിയന്ത്രണ രീതിയായി ഉപയോഗപ്പെടുത്തുന്നതിനായി ഒരു പ്രോട്ടോക്കൾ ഉണ്ടാക്കുന്നതിനും അതിന്റെ ഭാവി സാധ്യതകളെപ്പറ്റി ചർച്ച ചെയ്യുന്നതിനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും ഉൾപ്പെടുന്ന സംഘം ചർച്ച നടത്തി. പ്രമുഖ റിസേർച് സ്ഥാപനങ്ങളായ ഡബ്ല്യുഐഐ, ഐഎആർഐ, എൻബിഎഐആർ, സെഡ്എസ്ഐ, ഐഎഫ്ജിടിബി, കെഎഫ്ആർഐ തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുത്തു.

ആദ്യപടിയായി പ്രാണി വനത്തിൽ എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്ന് വിശദമായ വിവരശേഖരണം നടത്തും. പ്രാണി മറ്റേതെങ്കിലും സസ്യത്തെ ബാധിക്കുന്നുണ്ടോ, എത്ര സമയം കൊണ്ടാണ് പ്രാണി മഞ്ഞക്കൊന്നയെ നശിപ്പിക്കുന്നത്, പ്രാണിയെ ഉപയോഗിച്ച് മഞ്ഞക്കൊന്നയെ നശിപ്പിക്കുന്നതിലൂടെ മറ്റെന്തെങ്കിലും പരിണിത ഫലം ഉണ്ടാകുമോ എന്ന കാര്യങ്ങൾ പഠന വിധേയമാക്കും. തുടർന്നായിരിക്കും  പ്രാണിയെ ഉപയോഗപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം എടുക്കുന്നത്. പ്രാഥമിക പഠനത്തിന് ശേഷം എൻജിഒകളെക്കൂടി ഉൾപ്പെടുത്തി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും. അതേ സമയം, സെന്ന നിർമാർജനത്തിനായി ഇപ്പോൾ തുടരുന്ന മാർഗങ്ങൾ തുടരും.

senna-spectabilis-2
1) മഞ്ഞക്കൊന്നയിൽ കണ്ടെത്തിയ പ്രാണി 2) മുത്തങ്ങയിൽ പ്രാണി തിന്നു നശിപ്പിച്ച മഞ്ഞക്കൊന്ന (Photo Special Arrangement)

കാടു മുടിച്ച മഞ്ഞക്കൊന്ന

കാടിന്‍റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണ് 1980കളില്‍ വനംവകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മഞ്ഞക്കൊന്ന നട്ടത്. വയനാട്ടിലെ കാടിന്റെ പകുതിയോളം മഞ്ഞക്കൊന്ന കീഴടക്കി. മഞ്ഞക്കൊന്നയുള്ളിടത്ത് മറ്റൊരു സസ്യവും വളരാതെയായി. മഞ്ഞക്കൊന്നയില്‍ നിന്നുള്ള രാസപദാര്‍ഥം മറ്റു ചെടികളെ ഞൊടിയിടയില്‍ നശിപ്പിച്ചു. ഒരു മൃഗവും മഞ്ഞക്കൊന്ന ഭക്ഷിക്കാറുമില്ല. തേക്ക് നട്ടുപിടിപ്പിച്ച് വനത്തിന്റെ നല്ലൊരു ഭാഗം ഇതിനകം തന്നെ നശിപ്പിച്ചിരുന്നു.

അതിന് പിന്നാലെയാണ് മഞ്ഞക്കൊന്നയും നട്ടുപിടിപ്പിച്ചത്. ഇതോടെ വന്യമൃഗങ്ങൾക്ക് തീറ്റ തേടി ഗ്രാമങ്ങളിേലക്ക് ഇറങ്ങേണ്ടി വന്നു. വന്യമൃഗങ്ങൾ ആക്രമണം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായാണ് മഞ്ഞക്കൊന്നയെ വിലയിരുത്തുന്നത്. മഞ്ഞക്കൊന്നയെ നശിപ്പിക്കാൻ  വനംവകുപ്പ് പല പണിയും നോക്കി. മരത്തിന്‍റെ തൊലികളഞ്ഞ് വെള്ളംവലിച്ചെടുക്കാത്ത നിലയിലാക്കി ഉണക്കിനശിപ്പിക്കാൻ ശ്രമിച്ചു. വേരടക്കം പിഴുത് കളഞ്ഞു. ഇങ്ങനെ മഞ്ഞക്കൊന്ന നിർമാർജനത്തിനായി കോടികൾ പൊടിച്ചപ്പോഴും മഞ്ഞക്കൊന്ന പടർന്ന് പന്തലിച്ചു.

ഒടുവിലാണ് ഒരു പ്രാണി മഞ്ഞക്കൊന്നയെ നശിപ്പിക്കുന്നതായി കണ്ടെത്തിയത്. നിലവിൽ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ് പ്രാണിയെ കണ്ടെത്തിയത്. വയനാടിന്റെ മറ്റു കാടുകളിൽ പ്രാണിയെ കണ്ടെത്താൻ സാധിച്ചില്ല. പഠനം പൂർത്തിയാക്കി പ്രോട്ടോക്കോൾ രൂപീകരിച്ചശേഷം പ്രാണിയെ മറ്റു സ്ഥലത്തെ മഞ്ഞക്കൊന്നകളിലേക്കും മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. പ്രാണിപ്രയോഗം വിജയിച്ചാൽ വയനാട്ടിലെ വനസംരക്ഷണത്തിന് നടത്തുന്ന ഏറ്റവും മികച്ച നീക്കമായിരിക്കും അത്. സെന്ന നശിച്ച് സ്വാഭവിക വനം വളരുന്നതോടെ വനത്തിൽ തന്നെ തീറ്റ ലഭിക്കുമെന്നതിനാൽ വന്യമൃഗ ആക്രമണവും കുറയുമെന്നാണ് വിലയിരുത്തൽ.

English Summary:

Forest department to destroy Sennaspectabilis: Xyleborus perforans, an insect discovered in Wayanad, offers a potential biological control for the invasive Senna spectabilis. This natural solution could restore the ecological balance of Wayanad's forests and reduce conflict between humans and wildlife.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com