നിയമസഭയിൽ ചെന്നിത്തല–സതീശൻ ‘ഡബിൾ പഞ്ച്’; നയരൂപീകരണം തരൂർ: കേരളം പിടിച്ചേതീരൂവെന്ന് എഐസിസി

Mail This Article
കോട്ടയം∙ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ പ്രവർത്തനത്തിനു ബഹുമുഖ പദ്ധതി തയാറാക്കി എഐസിസി. നിയമസഭയിൽ സർക്കാരിനെതിരായ പോരാട്ടത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ചു നേതൃത്വം നൽകണമെന്നാണു നിർദേശം. സംസ്ഥാന സർക്കാർ വിരുദ്ധ പ്രചാരണങ്ങളുടെ നയരൂപീകരണ ചുമതല ശശി തരൂരിനെ ഏൽപ്പിക്കാനും തീരുമാനമായി. അടുത്ത വട്ടം സംസ്ഥാനം പിടിച്ചേതീരൂവെന്ന കർശന നിർദേശമാണ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്.
∙ നിയമസഭയിൽ ഡബിൾ പഞ്ച്
എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക ദുർവിനിയോഗം, ഭരണപരമായ ധാർഷ്ട്യം, ഭരണ പരാജയങ്ങൾ എന്നിവ തുറന്നുകാട്ടി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിയമസഭയിൽ ഏകോപിത ആക്രമണത്തിനു നേതൃത്വം നൽകണമെന്നാണു നിർദേശം. സുപ്രധാന വിഷയങ്ങളിൽ മറ്റു മുതിർന്ന അംഗങ്ങളുടെ ഇടപെടലും ഉറപ്പുവരുത്തണം. സഭയ്ക്കുള്ളിൽ പൊതുജനങ്ങളുടെ ആശങ്കകൾ നേരിട്ട് ഉന്നയിക്കാൻ എല്ലാ നിയമനിർമാണ അവസരങ്ങളും ഉപയോഗിക്കണം. കഴിഞ്ഞദിവസം ആശാവർക്കർമാർക്കു വേണ്ടി രമേശ് ചെന്നിത്തലയും സതീശനും സഭയിൽ ഒരുമിച്ചു പോരാടിയത് ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണു വിവരം. നിയമസഭാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്നാണ് രമേശ് ചെന്നിത്തലയ്ക്കു ലഭിച്ചിരിക്കുന്ന നിർദേശം.
∙ സാമ്പത്തിക, വ്യാവസായിക നയ പ്രചാരണം
ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ, തൊഴിൽ, സാമ്പത്തിക മേഖലകളിലെ നുണപ്രചാരണങ്ങൾ തുറന്നു കാട്ടിയുള്ള പ്രചാരണത്തിനു നേതൃത്വം നൽകണമെന്നാണ് ശശി തരൂരിനു ലഭിച്ചിരിക്കുന്ന നിർദേശം. കോൺഗ്രസിന്റെ നിക്ഷേപ - തൊഴിൽ അനുകൂല നിലപാടുകൾ ഉയർത്തിക്കാട്ടുന്നതിനുള്ള പ്രചാരണത്തിനും ശശി തരൂർ നേതൃത്വം നൽകും. ആദ്യപടിയായാണു കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള എക്സ് പോസ്റ്റ് തിരുത്തി തരൂർ രംഗത്തുവന്നത്. വ്യവസായ, തൊഴിൽ, സാമ്പത്തിക രംഗങ്ങളിലെ പാർട്ടിയുടെ നയരൂപീകരണത്തിലും തരൂർ സജീവമാകും. ഇതുവഴി തരൂരിനെ മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സിപിഎമ്മിന് അതേ നാണയത്തിൽ മറുപടി കൊടുക്കാമെന്നാണു നേതൃത്വത്തിന്റെ കണക്കുക്കൂട്ടൽ.
∙ ഇനി ഒറ്റക്കെട്ട്
കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുൻ സംസ്ഥാന അധ്യക്ഷൻമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നേതൃത്വവുമായി പിണങ്ങിനിന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുംദിവസങ്ങളിൽ വി.എം. സുധീരൻ, കെ. മുരളീധരൻ അടക്കമുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രധാനപ്പെട്ട തീരുമാനങ്ങളിലും അടിത്തട്ടിൽ പാർട്ടിയെ ചലിപ്പിക്കുന്നതിനും മുൻ അധ്യക്ഷൻമാർ അടക്കമുള്ളവരുടെ നേതൃപരിചയം ഉപയോഗപ്പെടുത്തണമെന്നാണ് എഐസിസി നിർദേശിച്ചിരിക്കുന്നത്. പ്രധാന മത–സാമൂഹിക നേതാക്കൾ അടക്കമുള്ളവരുമായുള്ള ബന്ധം ദൃഢപ്പെടുത്തണമെന്നും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. താഴെത്തട്ടിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ കഴിയുന്നതോടെ ഇതു പ്രാവർത്തികമാകുമെന്നാണു സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ.
∙ ഡിജിറ്റലാകണം
യുവാക്കളെയും പുതിയ വോട്ടർമാരെയും ലക്ഷ്യമിട്ടുള്ള സമൂഹമാധ്യമ പ്രചാരണങ്ങളിൽ സജീവമാകാൻ സംസ്ഥാനത്തെ യുവനേതാക്കൾക്ക് എഐസിസി നിർദേശം നൽകി. എൽഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കുന്ന ഡിജിറ്റൽ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം കോൺഗ്രസിന്റെ ആശയങ്ങൾ നേരിട്ടു പുതുതലമുറയിലേക്ക് എത്തിക്കണമെന്നാണ് എഐസിസി നിർദേശിച്ചിരിക്കുന്നത്.