പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാനുള്ള നടപടി, യോജിപ്പിനുള്ള നിർദേശം നൽകിയിട്ടും മാറ്റമുണ്ടായില്ല; സൂസൻ കോടിയെ ഒഴിവാക്കിയേക്കും

Mail This Article
കൊല്ലം∙ പാർട്ടിയെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള നടപടികളാണു കരുനാഗപ്പള്ളിയിൽ അരങ്ങേറിയതെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. ‘കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റി ഇടപെട്ടു. അവിടെ നിലനിൽക്കുന്ന ദുർബലതകൾ പരിഹരിച്ചു യോജിച്ചു മുന്നോട്ടുപോകണമെന്നു നിർദേശം വച്ചെങ്കിലും സമ്മേളനങ്ങളിൽ ഉൾപ്പെടെ സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടായി. തങ്ങളുടെ കൈപ്പിടിയിൽ സംഘടനയെ ഒതുക്കാനുള്ള നടപടികളാണു അവിടെ ഉണ്ടായത്. സംസ്ഥാന സെക്രട്ടറി തന്നെ ഏരിയ കമ്മിറ്റിയിൽ പങ്കെടുത്തു യോജിപ്പിനുള്ള നിർദേശം നൽകിയിട്ടും മാറ്റമുണ്ടായില്ല. ലോക്കൽ കമ്മിറ്റികളിൽ തെറ്റായ രീതി രൂക്ഷമായി. ഈ സാഹചര്യത്തിലാണു കരുനാഗപ്പള്ളി ഏരിയ സമ്മേളനം നടത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. കരുനാഗപ്പള്ളിക്കു പുറത്തുള്ള ജില്ലാ കമ്മിറ്റിയംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും കരുനാഗപ്പള്ളി ഏരിയയിലെ ജില്ലാ കമ്മിറ്റിയംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽ നിന്നു മാറ്റിനിർത്തുകയും ചെയ്തു. പുതിയ കമ്മിറ്റി പ്രവർത്തനങ്ങളെല്ലാം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നു’– റിപ്പോർട്ട് പറയുന്നു.
കരുനാഗപ്പള്ളിയിലെ ലോക്കൽ സമ്മേളനങ്ങളിൽ വൻതോതിൽ വിഭാഗീയത അരങ്ങേറുകയും മുതിർന്ന സംസ്ഥാന കമ്മിറ്റിയംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിടുകയും ചെയ്ത സംഭവം വിവാദമായിരുന്നു. തുടർന്ന് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. അവിടെ നിന്നുള്ള പ്രതിനിധികളും ജില്ലാ സമ്മേളനത്തിൽ ഉണ്ടായില്ല. അവിടെ ഒരു ചേരിക്കു നേതൃത്വം നൽകിയ ജില്ലാ കമ്മിറ്റിയംഗം പി.ആർ. വസന്തൻ ഇത്തവണ ജില്ലാ കമ്മിറ്റിയിലില്ല. മറുചേരിയെ നയിച്ച സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടിയെ പുതിയ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്നാണു വിവരം.