‘ലഹരിമരുന്നിനെതിരായ യുദ്ധത്തിന്റെ പേരിൽ കൂട്ടക്കുരുതി’; ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് അറസ്റ്റിൽ

Mail This Article
മനില∙ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) വാറന്റ് പുറപ്പെടുവിച്ച ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിൽനിന്ന് എത്തിയതിനു തൊട്ടുപിന്നാലെ മനില വിമാനത്താവളത്തിൽവച്ചായിരുന്നു അറസ്റ്റ്. ലഹരിമരുന്നിന് എതിരായ യുദ്ധത്തിന്റെ പേരിൽ ആയിരക്കണക്കിനു ഫിലിപ്പിനികളെ കൊലപ്പെടുത്തിയതിലെ ഡ്യൂട്ടെർട്ടിന്റെ പങ്ക് അന്വേഷിക്കുമെന്ന് ഐസിസി പറഞ്ഞു. രാജ്യാന്തര കോടതി വാറന്റ് പുറപ്പെടുവിക്കുകയാണെങ്കിൽ കസ്റ്റഡിയിൽ പോകാൻ തയാറാണെന്നു റൊഡ്രീഗോ നേരത്തേ വ്യക്തമാക്കിയിരുന്നു.
റൊഡ്രീഗോ ഡ്യൂട്ടെർട്ടിന് അറസ്റ്റ് വാറന്റിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്നും പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പറഞ്ഞു. എന്നാൽ ഡ്യൂട്ടെർട്ടിനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും വിമാനത്താവളത്തിൽവച്ച് അദ്ദേഹത്തെ കാണാൻ അഭിഭാഷകരെ പൊലീസ് അനുവദിച്ചില്ലെന്നും മുൻ പ്രസിഡന്റിന്റെ വക്താവ് സാൽവഡോർ പനേലോ പറഞ്ഞു.
കൊലപാതകങ്ങളെക്കുറിച്ചു രാജ്യാന്തര കോടതി അന്വേഷണം തുടങ്ങിയതോടെ ഫിലിപ്പീൻസിനെ 2019ൽ ഐസിസിയിൽനിന്ന് ഡ്യൂട്ടെർട്ടെ പിൻവലിച്ചിരുന്നു. ലഹരിമരുന്ന് കുറ്റവാളികൾക്ക് എതിരായ നടപടിയെക്കുറിച്ചുള്ള ഐസിസിയുടെ അന്വേഷണത്തോടു സഹകരിക്കാൻ കഴിഞ്ഞവർഷം വരെ ഡ്യൂട്ടെർട്ടെ സമ്മതിച്ചിരുന്നില്ല. ഡ്യൂട്ടെർട്ടെയുടെ ഭരണകാലത്തു ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടെവരെന്നു സംശയിച്ചു 6,200 ഓളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു പൊലീസ് കണക്ക്.