ഭർത്താവിനെ ക്രൂരമായി തല്ലി ഭാര്യയും പെൺമക്കളും; പാക്ക് ട്രെയിൻ തട്ടിയെടുത്ത് ഭീകരർ – ഇന്നത്തെ പ്രധാന വാർത്തകൾ

Mail This Article
പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വാർത്തയാണ് ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യുഡിഎഫ് ‘സീറ്റ് ചർച്ച’, കൊച്ചിയിൽ യുവതിയേയും കുടുംബത്തേയും തടഞ്ഞുനിർത്തി യുവാക്കൾ നടത്തിയ അതിക്രമം, മധ്യപ്രദേശിലെ മോറേന സ്വദേശിയെ ഭാര്യയും പെണ്‍മക്കളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചയ്ക്കുകയും പിന്നീട് അദ്ദേഹം അത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ മറ്റു ചിലത്.
പാക്കിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ഏതാനും പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്‌ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.
കൊച്ചി നഗരത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ യുവാക്കളുടെ അതിക്രമം. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും തോളിലൂടെ കയ്യിടുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സൺ ജോസഫ് പിടിയിൽ. ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ ക്യാമറ ഓൺചെയ്ത് മുറിയിൽ വയ്ക്കുകയായിരുന്നു. ആന്‍സണ് ശേഷം വസ്ത്രം മാറാന്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്.
മധ്യപ്രദേശിലെ മോറേന സ്വദേശിയായ ആളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നു പെൺമക്കളും ഒരു മകനുമുള്ള ഹരീന്ദ്ര മൗര്യ എന്ന ഇലക്ട്രിഷ്യനാണ് ആത്മഹത്യ ചെയ്തത്. ഹരീന്ദ്രയെ പെൺമക്കളും ഭാര്യയും ചേർന്നു വടികൊണ്ടു തല്ലുന്നതിന്റെയും പ്രതികരിക്കാനാകാതെ ദയനീയമായി അടിയേറ്റു കരയുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്.