നിലമ്പൂർ ‘ഒഴിവ്’ മൂന്നാം മാസത്തിലേക്ക്; വരുമോ ഷൗക്കത്ത് – സ്വരാജ് പോരാട്ടം! അതോ ചവറയും കുട്ടനാടും പോലെ ആകുമോ...?

Mail This Article
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കഷ്ടിച്ച് ഒരു വർഷം മാത്രം ശേഷിക്കെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ. പി.വി. അൻവർ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ട് ഇന്ന് രണ്ട് മാസമാകും. മണ്ഡലത്തിൽ ഒഴിവ് വന്നാൽ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതായത് ജൂലായ് 13നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുക്കൂട്ടൽ. ചീഫ് ഇലക്ടറൽ ഓഫിസർ ഉപതിരഞ്ഞെടുപ്പിനു മുന്നേ ചെയ്യാനുള്ള ജോലികളെല്ലാം പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്ന് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നു. ഏപ്രിൽ അവസാനമോ മേയിലോ ആകാം തിരഞ്ഞെടുപ്പെന്നും നേതാക്കൾ വിലയിരുത്തുന്നു. നിലമ്പൂരിനു പുറമെ പഞ്ചാബിൽ ഒരു മണ്ഡലത്തിലും ന്യൂഡൽഹിയിൽ 2 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തോമസ് ചാണ്ടിയുടെയും വിജയൻപിള്ളയുടെയും നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നെങ്കിലും പ്രഖ്യാപനം നീണ്ടു. ഒടുവിൽ കോവിഡ് കൂടി വന്നതോടെ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുകയായിരുന്നു.
∙ വരുമോ ഷൗക്കത്ത് – സ്വരാജ് മത്സരം
തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ മുൻ ഉപതിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച് വിജയിച്ച അടവാകും നിലമ്പൂരിലും യുഡിഎഫ് നടത്തുക. 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനു പിന്നാലെ ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ പേര് അൻവർ നിര്‍ദേശിച്ചത് കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് വഴിമരുന്നിട്ടിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാർഥിയാകുന്നതില്‍ ആര്യാടന്‍ ഷൗക്കത്തിനുള്ള മുന്‍തൂക്കം മുന്നില്‍ കണ്ടായിരുന്നു അന്‍വറിന്റെ കരുനീക്കം. സ്ഥാനാർഥി നിര്‍ണയത്തില്‍ തട്ടി കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഏറെ കരുതലോടെയായിരിക്കും ഹൈക്കമാൻഡിന്റെയും നീക്കം.
നിലമ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുന്ന സിപിഎം ഫോര്‍മുല കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം കണ്ടതാണ്. എന്നാൽ അന്‍വറിലൂടെ കൈ പൊള്ളിയ സിപിഎം ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ നേരിട്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത. നാട്ടുകാരന്‍ എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.സ്വരാജിന്റെ പേരിനു മുൻതൂക്കമുണ്ട്. സ്വരാജ് മത്സരിച്ചാല്‍ തിരഞ്ഞെടുപ്പിനു വീറും വാശിയും കൂടും. നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, സിപിഎം ജില്ലാ കമ്മറ്റി അംഗം വി.എം.ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷൊറോണ റോയ് എന്നിവരെയും പരിഗണിച്ചേക്കാം. ബിജെപി മുതിർന്ന നേതാക്കളിൽ ആരെങ്കിലും മത്സരിക്കാനുള്ള സാധ്യതയുണ്ട്.
∙ ലോക് ഡൗൺ ആയി ചവറയും കുട്ടനാടും
2019 ഡിസംബർ 19നായിരുന്നു കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടിയുടെ അന്ത്യം. 2020 മാർച്ച് എട്ടിന് ചവറ എംഎൽഎ ആയിരുന്ന വിജയൻ പിള്ളയും നിര്യാതനായി. ഇരു ഉപതിരഞ്ഞെടുപ്പുകളും നടക്കുമോയെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടായിരുന്നു. സിഇഓ ടിക്കാറാം മീണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇരു മണ്ഡലങ്ങളിലും അതിവേഗം നടത്തി. പിന്നീട് കോവിഡ് വ്യാപനം ഉണ്ടായതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഒടുവിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ നടത്താനായി തീരുമാനം. ചവറയിൽ മുൻ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോൺ മത്സരിക്കുമെന്ന് യുഡിഎഫ് തീരുമാനിച്ചു. കുട്ടനാട് സീറ്റ് കേരള കോൺഗ്രസിനു നൽകാനും മുന്നണി യോഗത്തിൽ ധാരണയായി. ജേക്കബ് എബ്രഹാം ആയിരുന്നു സ്ഥാനാർഥി. എന്നാൽ നവംബറിലും ഉപതിരഞ്ഞെടുപ്പുകൾ നടന്നില്ല.
ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു വേണ്ടെന്ന സംസ്ഥാന സർക്കാർ നിർദേശമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചത്. കേരളത്തിനൊപ്പം മേയ് – ജൂണിൽ നിയമസഭയുടെ കാലാവധി തീരുന്ന തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ 5 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവർത്തിക്കാനാകൂവെന്ന് കമ്മിഷൻ അന്ന് വിലയിരുത്തി. തിരക്കിട്ട് ആറ് മാസത്തേക്കായി മാത്രം ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുത്തു.